കോവിഡ് വ്യാപനം കുറഞ്ഞു : പഞ്ചാബില്‍ തിങ്കളാഴ്ച മുതല്‍ സ്‌കൂളുകള്‍ തുറന്ന് പ്രവര്‍ത്തിക്കും

Punjab | Bignewslive

ചണ്ഡീഗഢ് : കോവിഡ് വ്യാപനത്തില്‍ കുറവ് രേഖപ്പെടുത്തിയതോടെ പഞ്ചാബില്‍ സ്‌കൂളുകള്‍ പൂര്‍ണ തോതില്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുമതിയായി.ഓഗസ്റ്റ് രണ്ട് തിങ്കളാഴ്ച മുതല്‍ സംസ്ഥാനത്തെ എല്ലാ ക്ലാസ്സുകളിലെയും വിദ്യാര്‍ഥികള്‍ക്ക് അധ്യയനം ആരംഭിക്കുമെന്ന് പഞ്ചാബ് സര്‍ക്കാര്‍ അറിയിച്ചു.

പുതുതായി റിപ്പോര്‍ട്ട് ചെയ്യുന്ന കേസുകള്‍ കുറഞ്ഞെങ്കിലും കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ചാണ് വിദ്യാലയങ്ങളുടെ പ്രവര്‍ത്തനമെന്ന് ഉറപ്പുവരുത്തുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. നാല് മാസത്തെ ഇടവേളക്ക് ശേഷം ജൂലൈ 26ന് പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ കുട്ടികള്‍ക്ക് ക്ലാസ്സുകള്‍ ആരംഭിച്ചിരുന്നു.

രണ്ട് ഡോസ് വാക്‌സീനും എടുത്ത അധ്യാപകര്‍ക്കും അനധ്യാപകര്‍ക്കും മാത്രമായിരുന്നു സ്‌കൂളുകളില്‍ പ്രവേശനം അനുവദിച്ചിരുന്നത്.കുട്ടികളിലെ സ്‌കൂളിലയക്കുന്നതിന് രക്ഷിതാക്കളില്‍ നിന്ന്‌ സമ്മതപത്രം എഴുതി വാങ്ങണമെന്നും സ്‌കൂളുകള്‍ക്ക് നിര്‍ദേശമുണ്ടായിരുന്നു.

വെള്ളിയാഴ്ച 49 പേര്‍ക്ക് മാത്രമാണ് പഞ്ചാബില്‍ കോവിഡ് സ്ഥിരീകരിച്ചത്. മരണങ്ങളൊന്നും തന്നെ റിപ്പോര്‍ട്ട് ചെയ്തിരുന്നില്ല. ഇതിനോടകം ആറ് ലക്ഷത്തോളം പേര്‍ക്ക് പഞ്ചാബില്‍ രോഗം പിടിപെട്ടിരുന്നു. നിലവില്‍ 544 പേര്‍ മാത്രമാണ് ചികിത്സയിലുള്ളത്.

Exit mobile version