ആന്റിബോഡി സാന്നിധ്യം ഏറ്റവും കുറവ് കേരളത്തില്‍: വാക്‌സീനേഷന്‍ വേഗത്തിലാക്കണമെന്ന് ഐസിഎംആര്‍

ന്യൂഡല്‍ഹി: കേരളത്തിന് കൂടുതല്‍ വാക്‌സീന്‍ നല്‍കേണ്ടതിന്റെ ആവശ്യകത വ്യക്തമാക്കി ഐസിഎംആറിന്റെ സീറോ സര്‍വെ റിപ്പോര്‍ട്ട്. ഐസിഎംആര്‍ 11 സംസ്ഥാനങ്ങളിലെ ജനങ്ങള്‍ക്കിടയില്‍ നടത്തിയ സീറോ പ്രിവലന്‍സ് സര്‍വേയില്‍ ആന്റിബോഡി സാന്നിധ്യം ഏറ്റവും കുറവ് കേരളത്തിലാണ്.

ഈ സംസ്ഥാനങ്ങളില്‍ ആകെ സര്‍വേ നടത്തിയവരില്‍ മൂന്നില്‍ രണ്ടു പേര്‍ക്കും ആന്റിബോഡി സാന്നിധ്യമുണ്ടെന്നു കണ്ടെത്തി. ജൂണ്‍ 14നും ജൂലൈ ആറിനും ഇടയിലാണ് സര്‍വേ നടത്തിയത്.

കേരളത്തില്‍ കോവിഡിനെതിരായ ആര്‍ജിത പ്രതിരോധ ശേഷി നേടിയവര്‍ 44.4 ശതമാനം പേര്‍ മാത്രമാണെന്നാണ് സര്‍വെയിലെ കണ്ടെത്തല്‍. ഇതിനര്‍ത്ഥം സംസ്ഥാനത്തെ 56 ശതമാനം പേരിലും വൈറസ് ബാധ ഉണ്ടായേക്കാമെന്നാണ്. രോഗം പടരാതിരിക്കാന്‍ വാക്‌സീനേഷന്‍ വേഗത്തിലാക്കണമെന്നും ഐസിഎംആര്‍ പഠനത്തില്‍ പറയുന്നു. അതേസമയം പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ എന്‍സിഡിസി ഡയറക്ടര്‍ തലവനായ 6 അംഗ സംഘം നാളെ കേരളത്തില്‍ എത്തും.

മറ്റ് സംസ്ഥാനങ്ങളില്‍ മൂന്നില്‍ രണ്ട് പേരിലും ആന്റിബോഡി സാന്നിധ്യം ഉണ്ടെന്നാണ് സര്‍വെയിലെ കണ്ടെത്തല്‍. പട്ടികയില്‍ ഒന്നാമതുള്ള മധ്യപ്രദേശില്‍ 79 ശതമാനം പേരിലും ആന്റി ബോഡി കണ്ടെത്തി. രാജ്യത്തിന്നലെ പ്രതിദിന കേസുകളില്‍ പകുതിയിലധികവും റിപ്പോര്‍ട്ട് ചെയ്ത കേരളത്തിലേക്ക് പ്രതിരോധ പ്രവര്‍ത്തനങ്ങല്‍ വിലയിരുത്താന്‍ എന്‍സിഡിസി ഡയറക്ടര്‍ തലവനായ 6 അംഗ സംഘത്തെ അയക്കാന്‍ തീരുമാനിച്ചതായി ആരോഗ്യമന്ത്രി മന്‍ഡസുഖ് മാണ്ഡവ്യ അറിയിച്ചു.

മുന്‍കൂട്ടി നിശ്ചയിച്ച സാംപ്ലിങ് പ്രകാരം, തിരഞ്ഞെടുക്കപ്പെട്ടവരുടെ രക്തത്തിലുള്ള ആന്റിബോഡി സാന്നിധ്യം നിര്‍ണയിക്കുകയാണ് സിറോ പ്രിവലന്‍സ് സര്‍വേയിലൂടെ നടത്തുന്നത്. രോഗംവന്ന് ഭേദമായവരിലും വാക്‌സീന്‍ സ്വീകരിച്ചവരിലും കോവിഡ് വൈറസിനെതിരായ ആന്റിബോഡികളുണ്ടാവും. സമൂഹത്തില്‍ എത്ര ശതമാനം പേര്‍ക്ക് രോഗപ്രതിരോധശേഷി ആര്‍ജ്ജിക്കാന്‍ കഴിഞ്ഞെന്ന് സിറോ പ്രിവലന്‍സ് പഠനത്തിലൂടെ കണ്ടെത്താം.

സിറോ പോസിറ്റിവിറ്റിയും ഇതിനകം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ടെസ്റ്റ് പോസിറ്റിവിറ്റിയും താരതമ്യം ചെയ്ത്, നിലവിലുള്ള ടെസ്റ്റിങ് രീതിയുടെയും കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെയും കാര്യക്ഷമത വിലയിരുത്താനും കഴിയും. ആളുകളുടെ ഒത്തുചേരലുകള്‍ സംബന്ധിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കാന്‍ കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി. രോഗബാധ കൂടുതലുള്ള സംസ്ഥാനങ്ങളില്‍ ജനം യാത്രകള്‍ പരമാവധി ഒഴിവാക്കണമെന്ന് ആരോഗ്യമന്ത്രാലയം നിര്‍ദേശിച്ചു.

24 മണിക്കൂറിനിടെ 43,509 കോവിഡ് രോഗികളും 640 മരണവുമാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. 38,465 പേര്‍ രോഗമുക്തരായി. ആകെ ചികിത്സയില്‍ ഉള്ളവരുടെ എണ്ണം 4.03 ലക്ഷമായി ഉയര്‍ന്നു. 97.38 ശതമാനമാണ് രോഗമുക്തി നിരക്ക്. പ്രതിദിന പോസിറ്റിവിറ്റി റേറ്റ് 2.52 ശതമാനമാണ്. 45.07 കോടി ഡോസ് വാക്‌സീനാണ് ഇതുവരെ വിതരണം ചെയ്തത്.

Exit mobile version