നരേന്ദ്ര മോഡിയെ വിമര്‍ശിച്ച് ട്വീറ്റ്: മാധ്യമപ്രവര്‍ത്തകനെ പുറത്താക്കി ‘ആജ് തക്’ ചാനല്‍; സമൂഹമാധ്യമ നയങ്ങളുടെ ലംഘനമെന്ന് വിശദീകരണം

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ വിമര്‍ശിച്ച് ട്വീറ്റ് ചെയ്തതിന് മാധ്യമപ്രവര്‍ത്തകനെ ‘ആജ് തക്’ ചാനല്‍ പുറത്താക്കിയതായി റിപ്പോര്‍ട്ട്. ആജ് തക് ഓണ്‍ലൈന്‍ എഡിഷനില്‍ ജോലി ചെയ്തിരുന്ന മാധ്യമപ്രവര്‍ത്തകന്‍ ശ്യാം മീരാ സിങിനെയാണ് ചാനല്‍ പുറത്താക്കിയത്.

പ്രധാനമന്ത്രിയെ ബഹുമാനിക്കണമെങ്കില്‍ ആദ്യം പ്രധാനമന്ത്രി സ്ഥാനത്തെ മാനിക്കണമെന്നായിരുന്നു ശ്യാം മീരാ സിങിന്റെ ട്വീറ്റ്. എന്നാല്‍, മോഡി ലജ്ജയില്ലാത്ത പ്രധാനമന്ത്രിയാണെന്ന് എഴുതുന്നതില്‍ നിന്ന് വിട്ടുവീഴ്ചയ്ക്കില്ലെന്ന് അദ്ദേഹം പറഞ്ഞു.’

ഒരു വര്‍ഷത്തിലധികമായി ഇന്ത്യ ടുഡേ ഗ്രൂപ്പിനൊപ്പം പ്രവര്‍ത്തിച്ചുവരികയായിരുന്നു ശ്യാം മീര സിംഗ്. രണ്ട് ട്വീറ്റുകളും ഇന്ത്യ ടുഡേ ഗ്രൂപ്പിന്റെ സമൂഹ മാധ്യമ നയങ്ങളുടെ ലംഘനമാണെന്ന കാരണം പറഞ്ഞുകൊണ്ടായിരുന്നു പിരിച്ചുവിടല്‍. ദി വയര്‍ മാധ്യമത്തിലൂടെയാണ് ശ്യാം മീര സിംഗ് ആരോപണവുമായി രംഗത്തെത്തിയത്.

ആജ് തകി’ല്‍ നിന്നു പുറത്താക്കിയ ശേഷം വൈകാരികമായ നിരവധി ട്വീറ്റുകളാണ് അദ്ദേഹം ട്വീറ്റ് ചെയ്തിട്ടുള്ളത്. ‘ആളുകള്‍ അവരുടെ ഡിഗ്രികളും ഗവേഷണ പ്രബന്ധങ്ങളും അവരുടെ ആശയങ്ങള്‍ക്കായി സമര്‍പ്പിക്കുന്നു.

എന്റെ കമ്പനിയായ ഇന്ത്യാ ടുഡേയില്‍ നിന്നുള്ള പിരിച്ചുവിടല്‍ കത്ത് അല്ലാതെ എനിക്ക് ഒന്നും കാണിക്കാനില്ല. അതിനാല്‍ അഫ്ഗാനിസ്താനില്‍ രക്തസാക്ഷിത്വം വരിച്ച എന്റെ പ്രിയ സുഹൃത്ത് ഡാനിഷ് സിദ്ദിഖിക്ക് എന്റെ പിരിച്ചുവിടല്‍ കത്ത് സമര്‍പ്പിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.

ശ്യാം മീരാ സിങിനെ പുറത്താക്കിയ ആജ് തക്കിന്റെയും ഇന്ത്യാ ടുഡേ ഗ്രൂപ്പിന്റെയും നടപടിയെ നിരവധി മാധ്യമപ്രമുഖര്‍ വിമര്‍ശിച്ചു. ചാനല്‍ അധികൃതര്‍ ‘നട്ടെല്ലില്ലാത്തവര്‍’ ആണെന്നും സര്‍ക്കാരിനെയും അതിന്റെ നയങ്ങളെയും വിമര്‍ശിക്കാനുള്ള ധൈര്യമില്ലെന്നും ചിലര്‍ പ്രതികരിച്ചു.

Exit mobile version