ബുലന്ദെഷഹര്‍ പ്രശ്‌നം ഫലപ്രദമായി നേരിട്ടതിന് തങ്ങളെ അഭിനന്ദിക്കുകയാണ് വേണ്ടതെന്ന് യോഗി ആദിത്യനാഥ്

മറിച്ച് ആവശ്യമില്ലാതെ പ്രസ്താവന നടത്തുന്നവര്‍ അവരുടെ പരാജയം മറച്ചുവെയ്ക്കാനാണ് ശ്രമിക്കുന്നതെന്നാണ് ആദിത്യനാഥ് പറയുന്നത്

ഞങ്ങളെ അഭിനന്ദിക്കുകയും നന്ദി പറയുകയുമാണ് വേണ്ടതെന്ന് ബുലന്ദ്ഷെഹര്‍ വിമര്‍ശനത്തിന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ മറുപടി. തന്റെ സര്‍ക്കാര്‍ ബുലന്ദ്ഷെഹര്‍ കലാപ കേസില്‍ സ്വീകരിച്ച നടപടികളെ അഭിനന്ദിക്കുകയും നന്ദി പറയുകയുമാണ് വേണ്ടതെന്നാണ് യോഗിയുടെ പക്ഷം.

കേസ് സര്‍ക്കാര്‍ ഫലപ്രദമായി നേരിട്ടു. മറിച്ച് ആവശ്യമില്ലാതെ പ്രസ്താവന നടത്തുന്നവര്‍ അവരുടെ പരാജയം മറച്ചുവെയ്ക്കാനാണ് ശ്രമിക്കുന്നതെന്നാണ് ആദിത്യനാഥ് പറയുന്നത്. ഈ കേസ് വഴി തന്റെ സര്‍ക്കാരിനെതിരെ രാഷ്ട്രീയ ഗൂഢാലോചന നടത്തുകയാണെന്നും ആരോപണം ഉയര്‍ത്തി.

പശുക്കളെ കൊന്നെന്ന ആരോപണത്തിന്റെ പേരില്‍ കലാപത്തിനിറങ്ങിയ ഒരു കൂട്ടം പൊലീസ് ഓഫീസറെ കൊലപ്പെടുത്തിയിരുന്നു. ഇതുവരേയും സംഭവത്തിലെ മുഖ്യപ്രതിയെ പിടിക്കാന്‍ കഴിയാതിരിക്കവെയാണ് മുഖ്യമന്ത്രിയുടെ അവകാശവാദം.

ബുലന്ദ്ഷെഹര്‍ കലാപ കേസില്‍ ഇതുവരെ അറസ്റ്റ് ചെയ്തിരിക്കുന്നത് അഞ്ച് പേരെയാണ്. ഇതില്‍ മൂന്ന് പേരെ പശുക്കളെ കൊന്നതിനാണ് പിടികൂടിയത്. രണ്ട് പേരെ ആള്‍ക്കൂട്ട ആക്രമണത്തിനും. ഇന്‍സ്പെക്ടര്‍ സുബോധ് കുമാര്‍ സിങിനെ കൊലപ്പെടുത്തിയ മുഖ്യപ്രതി ഇപ്പോഴും ഒഴിവിലാണ്.

കേസിലെ പ്രതികള്‍ക്ക് ബജ്റംഗിദള്‍ അടക്കം സംഘപരിവാര്‍ സംഘടനകളുമായുള്ള ബന്ധമാണ് അറസ്റ്റ് വൈകുന്നതിന് കാരണമെന്ന ആരോപണമാണ് ഉയരുന്നത്. ഇതിനാണ് രാഷ്ട്രീയ ഗൂഢാലോചന നടക്കുന്നുവെന്ന യോഗിയുടെ ആക്ഷേപം.

ഏത് തരത്തിലാണെങ്കിലും സംസ്ഥാനത്ത് നിയമാനുസൃതമായി കാര്യങ്ങള്‍ നടക്കുമെന്നും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി പറഞ്ഞു. കലാപത്തിലും പൊലീസുകാരന്റെ കൊലപാതകത്തിലും ഉപരി പശുക്കളെ കൊന്നവരെ കണ്ടെത്താനുള്ള യോഗിയുടെ ആഹ്വാനവും പൊലീസിന്റെ ശ്രമവും വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിരുന്നു.

Exit mobile version