മുഴുവന്‍ ജനങ്ങളെയും നാല് മാസത്തിനുള്ളില്‍ വാക്‌സിനേറ്റ് ചെയ്യിക്കണം : യുപി സര്‍ക്കാരിനോട് ഹൈക്കോടതി

High court | Bignewslive

പ്രയാഗ് രാജ് : സംസ്ഥാനത്തെ മുഴുവന്‍ ജനങ്ങളെയും മൂന്നോ നാലോ മാസത്തിനുള്ളില്‍ വാക്‌സിനേറ്റ് ചെയ്യിക്കണമെന്ന് യുപി സര്‍ക്കാരിനോട് അലഹബാദ് ഹൈക്കോടതി.കോവിഡിനെതിരെ സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന തയ്യാറെടുപ്പുകളെ സംബന്ധിച്ച്‌ പൊതുതാല്പര്യ ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നതിനിടെ ആയിരുന്നു കോടതിയുടെ നിര്‍ദേശം.ടെന്‍ഡറിലൂടെ വാക്‌സീന്‍ ലഭ്യമാക്കുന്നത് ദീര്‍ഘകാലമെടുക്കുന്ന പ്രക്രിയയാണെന്ന് നിരീക്ഷിച്ച് കൊണ്ടായിരുന്നു കോടതിയുടെ നിര്‍ദേശം.

വാക്‌സിനുകള്‍ ഉടനടി ലഭ്യമാക്കാന്‍ നടപടി എടുക്കണമെന്നും എന്നാലേ യുപിയിലെ മുഴുവന്‍ ജനതയ്ക്കും മൂന്നോ നാലോ മാസത്തിനുള്ളില്‍ വാക്‌സീന്‍ സ്വീകരിക്കാനാവൂ എന്നും കോടതി വിലയിരുത്തി.വാക്‌സീനുകള്‍ വാങ്ങി സംഭരിക്കുന്നതടക്കമുള്ള പദ്ധതിയെക്കുറിച്ച് വിശദീകരിക്കുന്ന സത്യവാങ്മൂലം അടുത്ത ദിവസം വാദം കേള്‍ക്കുമ്പോള്‍ സമര്‍പ്പിക്കണമെന്നും ഗ്രാമ,നഗര പ്രദേശങ്ങളില്‍ കോവിഡ് വ്യാപനം തടയാനുള്ള കര്‍മപദ്ധതി മുന്നോട്ട് വയ്ക്കണമെന്നും ഹൈക്കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

പൊലീസ് പിടികൂടിയ ജീവന്‍രക്ഷ മരുന്നുകള്‍, പള്‍സ് ഓക്‌സിമീറ്ററുകള്‍,ഓക്‌സിജന്‍ സിലിണ്ടറുകള്‍ തുടങ്ങിയവ എത്രയും പെട്ടന്ന് വിട്ടുനല്‍കാനും ഭിന്നശേഷിക്കാര്‍ക്ക് വാക്‌സിനേഷന്‍ നല്‍കാനുള്ള പദ്ധതി ആവിഷ്‌കരിക്കാനും കോടതി നിര്‍ദേശിച്ചു.
മെയ് 11നാണ് അടുത്ത വാദം.

Exit mobile version