“യോഗിജീയ്ക്കല്ല വോട്ട് ചെയ്യുന്നതെങ്കില്‍ യുപിയില്‍ നിന്ന് ഓടിപ്പോകുന്നതാണ് നല്ലത് ” : വോട്ടര്‍മാരെ ഭീഷണിപ്പെടുത്തിയ ബിജെപി എംഎല്‍എയ്ക്ക് തിരഞ്ഞെടുപ്പ് കമ്മിഷന്റെ നോട്ടീസ്

ന്യൂഡല്‍ഹി : യുപിയില്‍ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടര്‍മാരെ ബിജെപിക്ക് അനുകൂലമായി വോട്ട് ചെയ്യാന്‍ ഭീഷണിപ്പെടുത്തിയ പാര്‍ട്ടി എംഎല്‍എയ്ക്ക് തിരഞ്ഞെടുപ്പ് കമ്മിഷന്റെ നോട്ടീസ്. തെലങ്കാനയില്‍ നിന്നുള്ള എംഎല്‍എ രാജാ സിംഗിനാണ് നോട്ടീസ്. 24 മണിക്കൂറിനുള്ളില്‍ മറുപടി നല്‍കണമെന്നാണ് കമ്മീഷന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

ഉത്തര്‍പ്രദേശില്‍ യോഗി ആദിത്യനാഥിനെ പിന്തുണച്ച് വോട്ട് ചെയ്യാത്തവര്‍ തിരഞ്ഞെടുപ്പിന് ശേഷം അനന്തരഫലങ്ങള്‍ അനുഭവിക്കേണ്ടി വരുമെന്നും മറ്റും വോട്ടര്‍മാരെ ഭീഷണിപ്പെടുത്തുന്ന രീതിയില്‍ രാജാ സിംഗ് വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. യോഗി ജെസിബിയും ബുള്‍ഡോസറുകളും വാങ്ങിയിട്ടുണ്ടെന്നും ബിജെപിക്ക് വോട്ട് ചെയ്യാത്തവരെ തിരഞ്ഞ് കണ്ടുപിടിക്കുമെന്നുമൊക്കെയായിരുന്നു ഇയാളുടെ ഭീഷണി. ഉത്തര്‍പ്രദേശില്‍ ജീവിക്കണമെങ്കില്‍ യോഗി യോഗി എന്ന് ജപിക്കണമെന്നും യോഗി സര്‍ക്കാരിന് വേണ്ടി വോട്ട് ചെയ്യാത്തവര്‍ യുപി വിട്ട് പോകുന്നതാണ് നല്ലതെന്നുമൊക്കെ ഇയാള്‍ വീഡിയോയില്‍ പറഞ്ഞിരുന്നു.

ഈ വീഡിയോ ആധാരമാക്കിയാണ് നോട്ടീസ് എന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കിയിട്ടുണ്ട്. തെലങ്കാനയില്‍ നിന്നുള്ള ബിജെപി എംഎല്‍എ ആയ രാജാ സിംഗ് ഇന്ത്യന്‍ ശിക്ഷാ നിയമം, ജനപ്രാതിനിധ്യ നിയമം എന്നിവയുടെ വ്യവസ്ഥകള്‍ പ്രഥമദൃഷ്ട്യാ ലംഘിച്ചുവെന്നും കമ്മിഷന്‍ നോട്ടീസില്‍ പറയുന്നു.

Exit mobile version