എംകെ സ്റ്റാലിൻ വാഗ്ദാനങ്ങൾ നടപ്പാക്കി പ്രവർത്തിക്കുന്നു; കമൽഹാസന്റെ വിശ്വസ്തൻ ആർ മഹേന്ദ്രൻ ഡിഎംകെയിൽ ചേർന്നു

ചെന്നൈ: നടനും മക്കൾ നീതിമയ്യം പാർട്ട് സ്ഥാപകനുമായ കമൽഹാസന്റെ മുൻ വിശ്വസ്തൻ ആർ മഹേന്ദ്രൻ അനുനായികളോടൊപ്പം ഡിഎംകെയിൽ ചേർന്നു. മക്കൾ നീതി മയ്യം (എംഎൻഎം) മുൻ വൈസ് പ്രസിഡന്റ് കൂടിയാണ് ആർ മഹേന്ദ്രൻ. മുഖ്യമന്ത്രി എംകെ സ്റ്റാലിനാണു മഹേന്ദ്രൻ ഉൾപ്പെടെയുള്ള നേതാക്കളെ സ്വീകരിച്ചത്. ജനാധിപത്യവിരുദ്ധമായ രീതിയിലാണ് എംഎൻഎം പ്രവർത്തിക്കുന്നതെന്ന് ആരോപിച്ചു മേയ് മാസത്തിലാണു മഹേന്ദ്രൻ പാർട്ടി വിട്ടത്. സിംഗനല്ലൂർ മണ്ഡലത്തിൽ മത്സരിച്ച മഹേന്ദ്രൻ മൂന്നാം സ്ഥാനത്തെത്തിയിരുന്നു. ഡോക്ടറും ബിസിനസുകാരനുമായ മഹേന്ദ്രൻ കോയമ്പത്തൂർ മേഖലയിൽ പ്രശസ്തനാണ്.

’78 ആളുകളോടൊപ്പം ഞാൻ ഡിഎംകെയിൽ ചേർന്നു. എന്റെ കൂടുതൽ അനുയായികൾ ഉടൻ ചേരും. ദ്രാവിഡ പ്രത്യയശാസ്ത്രങ്ങളിലൂന്നി, നൽകിയ വാഗ്ദാനങ്ങൾ നടപ്പാക്കി പ്രവർത്തിക്കുന്ന എംകെ സ്റ്റാലിന്റെ നേതൃത്വത്തിലുള്ള ഡിഎംകെ സർക്കാരിൽ സന്തോഷമുണ്ട്.’- മഹേന്ദ്രൻ പറഞ്ഞു.

നിയമസഭാ തെരഞ്ഞെടുപ്പിലെ തോൽവിക്കുശേഷം 12 പേജുള്ള കത്ത് എഴുതിയാണു മഹേന്ദ്രൻ എംഎൻഎമ്മിൽനിന്ന് പുറത്തുവന്നത്. കമലിനെ ബാഹ്യശക്തികൾ സ്വാധീനിച്ചിട്ടുണ്ടെന്നും മറ്റു മണ്ഡലങ്ങളിൽ സാധ്യതയുണ്ടായിട്ടും അദ്ദേഹം കോയമ്പത്തൂർ സൗത്തിൽ നിന്നാണു മത്സരിക്കാൻ തീരുമാനിച്ചതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു. ബിജെപിയുടെ വാനതി ശ്രീനിവാസനോട് 1,728 വോട്ടുകൾക്കാണു കമൽ തോറ്റത്.

Exit mobile version