പരസഹായമില്ലാതെ നടക്കാന്‍ കഴിയില്ലെന്ന് പറഞ്ഞ് ജാമ്യം, പുറത്തിറങ്ങി ഡാന്‍സും ബാസ്‌കറ്റ്‌ബോള്‍ കളിയുമായി ബിജെപി എംപി; പ്രഗ്യാ സിംഗ് ഠാക്കൂര്‍ വീണ്ടും വിവാദത്തില്‍

ഭോപ്പാല്‍: നടക്കാനാവില്ലെന്ന് കാണിച്ച് ജാമ്യം നേടിയ പുറത്തിറങ്ങിയ ബിജെപി എംപി പ്രഗ്യാ സിംഗ് ഠാക്കൂര്‍ വീണ്ടും വിവാദത്തില്‍. മാലേഗാവ് സ്‌ഫോടനക്കേസിലെ മുഖ്യപ്രതി കൂടിയായ പ്രഗ്യാസിങ് ജാമ്യത്തിലിറങ്ങി ഡാന്‍സ് കളിയ്ക്കുന്നതും ബാസ്‌കറ്റ്‌ബോള്‍ കളിയ്ക്കുന്നതിന്റെയും വീഡിയോയാണ് പുതിയ വിവാദത്തിന് വഴിവച്ചിരിക്കുന്നത്.

ഭോപ്പാലില്‍ നിന്നുള്ള ബിജെപി എംപിയാണ് പ്രഗ്യാ സിംഗ് ഠാക്കൂര്‍. ആരോഗ്യ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി ജാമ്യത്തിലിറങ്ങിയ പ്രഗ്യാസിങിന്റേതായി പുറത്തുവരുന്ന മൂന്നാമത്തെ വീഡിയോ ആണിത്. ഒരു വിവാഹ വീട്ടിലെ പരിപാടിക്കിടയില്‍ പാട്ടിനൊപ്പം പ്രഗ്യാ സിങ് താളംവെക്കുന്നതാണ് പുതിയ വിഡിയോ.

സ്തനാര്‍ബുദം ബാധിച്ചതിനാല്‍ പരസഹായമില്ലാതെ നടക്കാന്‍ കഴിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രഗ്യക്ക് മുംബൈ ഹൈക്കോടതി ജാമ്യം അനുവദിക്കുന്നത്. ആരോഗ്യ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി വീല്‍ചെയറിലായിരുന്നു പ്രഗ്യാ സിംഗിന്റെ സഞ്ചാരം. ശേഷം പ്രഗ്യാ സിംഗ് തെരഞ്ഞെടുപ്പില്‍ മത്സരിച്ചത് വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു.

പിന്നീട് തെരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് ‘ഗോമൂത്രവും മറ്റ് പാലുല്‍പ്പന്നങ്ങളും എന്റെ സ്തനാര്‍ബുദം ഭേദമാക്കി’യെന്ന തരത്തിലുള്ള അബദ്ധജനകമായ പ്രസ്താവനകള്‍ പറഞ്ഞതും വലിയ വാര്‍ത്തയായിരുന്നു. തെരഞ്ഞെടുപ്പ് വേളയില്‍ത്തന്നെ വീല്‍ചെയറിലിരുന്ന് പ്രചാരണം നടത്തുന്ന പ്രഗ്യയുടെ ഫോട്ടോകളും മറ്റും മാധ്യമങ്ങളില്‍ നിറഞ്ഞിരുന്നു.


വീല്‍ചെയറില്‍ മാത്രമേ സഞ്ചരിക്കാന്‍ കഴിയൂ എന്ന് ചൂണ്ടിക്കാട്ടി ജാമ്യം എടുത്ത ശേഷം പ്രഗ്യാസിങ് ബാസ്‌കറ്റ്ബോള്‍ കളിക്കുന്ന വീഡിയോയും അടുത്തിടെ പുറത്തുവന്നിരുന്നു. പന്ത് ഡ്രിബിള്‍ ചെയ്ത് അത് കൃത്യമായി നെറ്റിലെത്തിക്കുന്നതാണ് വീഡിയോയുടെ ഉള്ളടക്കം.

പിന്നാലെ സോഷ്യല്‍ മീഡിയയില്‍ ഈ വീഡിയോ വൈറലാവുകയായിരുന്നു. ഇതിനെ ട്രോളി കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തെത്തുകയും ചെയ്തു. ‘ഇതുവരെ പ്രഗ്യാ സിംഗിനെ വീല്‍ചെയറിലായിരുന്നു കണ്ടത്. അവര്‍ക്ക് നടക്കാനോ എഴുന്നേറ്റ് നില്‍ക്കാനോ സാധിക്കുന്നില്ലെന്ന സങ്കടമുണ്ടായിരുന്നു. ഇപ്പോള്‍ ബാസ്‌കറ്റ് ബോള്‍ കോര്‍ട്ടില്‍ പ്രഗ്യയെ കാണാന്‍ സാധിച്ചതില്‍ സന്തോഷമുണ്ട്’ കോണ്‍ഗ്രസ് നേതാവ് നരേന്ദ്ര സലൂജ അന്ന് പരിഹസിച്ചു.

Exit mobile version