ആര്യന്‍ ജയിലില്‍ നിന്നിറങ്ങണമെങ്കില്‍ 5.30ന് മുമ്പ് ഓര്‍ഡര്‍ എത്തണം : ആശങ്ക

മുംബൈ : ആഡംബരക്കപ്പലിലെ ലഹരിവിരുന്നില്‍ അറസ്റ്റിലായ ആര്യന്‍ ഖാന് ജാമ്യം അനുവദിച്ചെങ്കിലും ജയില്‍ മോചിതനാകാന്‍ കടമ്പകളേറെ. ആര്യനെ ജയിലില്‍ നിന്ന് പുറത്തിറക്കണമെങ്കില്‍ ആര്‍തര്‍ റോഡ് ജയിലിന് പുറത്ത് സ്ഥാപിച്ചിരിക്കുന്ന ബെയില്‍ ബോക്‌സില്‍ റിലീസ് ഉത്തരവ് 5.30ന് മുമ്പ് എത്തണം. ഹൈക്കോടതിയില്‍ നിന്നുള്ള ഉത്തരവിന്റെ പകര്‍പ്പ് ഹാജരാക്കിയാലാണ് റിലീസ് ഉത്തരവ് ലഭിക്കുക.

ബെയില്‍ ബോക്‌സ് ദിവസവും മൂന്ന് തവണയാണ് തുറക്കുന്നത്.ജയില്‍ ചട്ടങ്ങള്‍ പ്രകാരം ഉത്തരവ് അഞ്ചരയ്ക്ക് ശേഷമാണ് ബെയില്‍ ബോക്‌സില്‍ എത്തുന്നതെങ്കില്‍ ഇന്നൊരു ദിവസം കൂടി ആര്യന്‍ ജയിലിനുള്ളില്‍ കഴിയേണ്ടി വരും. ഉത്തരവിന്റെ പകര്‍പ്പ് ഉടന്‍ തന്നെ ലഭിക്കുമെന്നും ഇന്ന് തന്നെ ആര്യന് ജയില്‍ മോചിതനാകാന്‍ സാധിക്കുമെന്നും പ്രതീക്ഷിക്കുന്നതായി ആര്യന്റെ അഭിഭാഷക സംഘത്തിലെ സതീഷ് മാനെഷിന്‍ഡെ അറിയിച്ചു.

ആര്യന്റെ കൂടെ അറസ്റ്റിലായ അര്‍ബാസ് മര്‍ച്ചന്റിന്റെ പിതാവ് അസ്‌ലം ജയിലിലെത്തിയിരുന്നു. തന്നെ ഇന്ന് തന്നെ പുറത്തിറക്കണമെന്നും താനുറങ്ങിയിട്ടില്ലെന്നും അര്‍ബാസ് പറഞ്ഞതായി അദ്ദേഹം വാര്‍ത്താ ഏജന്‍സികളോട് പറഞ്ഞു.ഇന്നലെയാണ് ആര്യന്‍ ഖാനും സുഹൃത്തുക്കള്‍ക്കും മുംബൈ ഹൈക്കോടതി ജാമ്യം അനുവദിച്ചത്.

Exit mobile version