വ്യാജ ലഹരി കേസില്‍ ബ്യൂട്ടിപാര്‍ലര്‍ ഉടമയെ അറസ്റ്റ് ചെയ്ത സംഭവം: എക്‌സൈസ് ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍

തൃശൂര്‍: ചാലക്കുടിയില്‍ ബ്യൂട്ടിപാര്‍ലര്‍ ഉടമയായ ഷീല സണ്ണിയെ വ്യാജ ലഹരി കേസില്‍ കുടുക്കിയ എക്‌സൈസ് ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍. ഇരിങ്ങാലക്കുടയിലെ മുന്‍ എക്‌സൈസ് ഇന്‍സ്‌പെക്ടറായ കെ സതീശനെ സസ്‌പെന്‍ഡ് ചെയ്തു.

ഷീല സണ്ണിയുടെ ബാഗില്‍ നിന്ന് കണ്ടെടുത്തത് ലഹരി സ്റ്റാമ്പ് അല്ലെന്ന് ലാബ് പരിശോധനയില്‍ കണ്ടെത്തിയിരുന്നു. വ്യാജ കേസ് ചമയ്ക്കാന്‍ ഉദ്യോഗസ്ഥന്‍ കൂട്ടുനിന്നു എന്നാണ് കണ്ടെത്തല്‍. എക്‌സൈസ് കമ്മീഷണറാണ് നടപടിക്ക് ഉത്തരവിട്ടത്. എക്‌സൈസ് ക്രൈംബ്രാഞ്ചിന്റെ അന്വേഷണത്തിന് ശേഷം ഉദ്യോഗസ്ഥനെതിരെ കൂടുതല്‍ നടപടികളുണ്ടാകുമെന്നാണ് വിവരം.

സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷനും കേസെടുത്തിട്ടുണ്ട്. തൃശൂര്‍ ജില്ലാ പോലീസ് മേധാവി അന്വേഷണം നടത്തി 15 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ അംഗം വി.കെ. ബീനാകുമാരി ആവശ്യപ്പെട്ടു. മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് കമ്മീഷന്‍ സ്വമേധയാ കേസെടുത്തത്.

ഷീലയുടെ ബാഗില്‍ എല്‍എസ്ഡി ഉണ്ടെന്ന് വിവരം ലഭിച്ചത് ഇന്റര്‍നെറ്റ് നമ്പരില്‍ നിന്നുള്ള ഫോണ്‍ വിളിയിലൂടെയാണെന്നാണ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ കെ സതീശന്‍ പറയുന്നത്. ഉടമയുടെ ബാഗില്‍ എല്‍എസ്ഡിക്ക് സമാനമായ പത്രങ്ങള്‍ വച്ചതെന്ന് സംശയിക്കുന്ന ബന്ധു ഒളിവിലാണ് എന്നും അന്വേഷണ സംഘം പറഞ്ഞിരുന്നു.

ഫെബ്രുവരി 27നാണ് ചാലക്കുടിയിലെ ബ്യൂട്ടിപാര്‍ലറുടമയായ ഷീല സണ്ണിയുടെ ബാഗില്‍ നിന്ന് എല്‍സ്ഡി സ്റ്റാമ്പ് കണ്ടെടുത്തതായി എക്‌സൈസ് ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തിയത്. ഇതേതുടര്‍ന്ന് 72 ദിവസം ഷീല സണ്ണിക്ക് ജയിലില്‍ കഴിയേണ്ടി വന്നു.

ഫോറന്‍സിക് റിപ്പോര്‍ട്ട് ഫലം വന്നതോടെ കാര്യങ്ങള്‍ മാറിമറിഞ്ഞു. കണ്ടെടുത്ത 12 സ്റ്റാമ്പുകളും എല്‍എസ്ഡി അല്ല എന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമായതോടെ ഷീലയുടെ നിരപരാധിത്വം തെളിഞ്ഞു. അന്വേഷണ ഉദ്യോഗസ്ഥന്‍ പറയുന്ന, ഷീലയുടെ ബന്ധു ബാംഗ്ലൂരില്‍ മോഡലായി ജോലി ചെയ്യുന്ന ഒരു സ്ത്രീയാണ്. സംഭവം നടക്കുന്നതിന് രണ്ട് ദിവസം മുന്‍പ് ഈ സ്ത്രീയും ഇവരുടെ സഹോദരിയും ഷീലയുടെ വീട്ടില്‍ ഉണ്ടായിരുന്നു. ഷീലയുടെ കാറും, സ്റ്റാമ്പ് കണ്ടെടുത്ത ബാഗും സ്ത്രീ ഉപയോഗിച്ചതായും ഷീല സമ്മതിക്കുന്നുണ്ട്. ഊഹത്തിന്റെ അടിസ്ഥാനത്തിലാണ് ഷീലയുടെ ചുമലില്‍ എക്‌സൈസ് ഉദ്യോഗസ്ഥര്‍ കുറ്റം കെട്ടിവച്ചത്. ഷീലക്കെതിരെ കേസെടുത്തതില്‍ ഉദ്യോഗസ്ഥര്‍ക്ക് സാങ്കേതിക പിഴവുകളും സംഭവിച്ചിട്ടുണ്ടെന്ന് വ്യക്തമായിരുന്നു.

Exit mobile version