കുതിച്ചുയര്‍ന്ന് ഇന്ധനവില; നിയമസഭയിലേയ്ക്ക് 40 കി.മീ സൈക്കിള്‍ ചവിട്ടിയെത്തി മന്ത്രി ബെച്ചറാം മന്ന

കൊല്‍ക്കത്ത: ഇന്ധനവിലയില്‍ പ്രതിഷേധിച്ച് നിയമസഭയിലേക്ക് സൈക്കിള്‍ ചവിട്ടി എത്തി ബംഗാള്‍ മന്ത്രി. തൃണമൂല്‍ കോണ്‍ഗ്രസ് മന്ത്രിയായ ബെച്ചറാം മന്നയാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്. സിംഗുരിലെ വീട്ടില്‍ നിന്ന് കൊല്‍ക്കത്തയിലെ നിയമസഭാ മന്ദിരത്തിലേക്കാണ് അദ്ദേഹം 40 കി.മീ സൈക്കിള്‍ ചവിട്ടി എത്തിയത്.

ബംഗാള്‍ നിയമസഭയില്‍ ബജറ്റ് സമ്മേളനം തുടരുകയാണ്. ദിനം പ്രതി ഇന്ധനവില വര്‍ധിപ്പിച്ച് നരേന്ദ്രമോഡി സര്‍ക്കാര്‍ സാധാരണക്കാരന്റെ ബാധ്യത വര്‍ധിപ്പിക്കുകയാണ്, വില കുറയ്ക്കാനാവശ്യമായ ഒരു നടപടിയും മോഡി സര്‍ക്കാര്‍ സ്വീകരിക്കുന്നില്ലെന്നും ഇത് പ്രതിഷേധാര്‍ഹമാണെന്നും അദ്ദേഹം മാധ്യങ്ങളോട് പ്രതികരിച്ചു.

കുതിച്ചുയരുന്ന ഇന്ധന വിലവര്‍ധനവില്‍ പ്രതിഷേധിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന വ്യാപകമായി പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിട്ടുണ്ട്. ജൂലൈ 10നും 11നുമാണ് പ്രതിഷേധം.

Exit mobile version