തിരക്കേറിയ നിരത്തിലൂടെ 50ഓളം ഓട്ടോറിക്ഷകളുടെ മത്സര ഓട്ടം; ചെന്നൈ നഗരം മുള്‍മുനയില്‍ നിന്നത് മണിക്കൂറുകള്‍, മത്സര ഓട്ടത്തിലെ അപകടത്തില്‍ സ്ത്രീകള്‍ ഉള്‍പ്പടെ എട്ടു പേര്‍ക്ക് പരിക്ക്

auto-rickshaw race | Bignewslive

ചെന്നൈ: നഗരത്തെ മുള്‍മുനയിലാക്കി യുവാക്കളുടെ ഓട്ടോറിക്ഷാ മത്സര ഓട്ടം. അമ്പതോളം ഓട്ടോറിക്ഷകളാണ് തിരക്കേറിയ നിരത്തിലൂടെ ഓട്ടോപായിച്ചത്. ചെന്നൈ നഗരം മണിക്കൂറുകളോളമാണ് മുള്‍മുനയില്‍ നിന്നത്. ഓട്ടോറിക്ഷകളുടെ ഓട്ടോപാച്ചിലിനിടെയുണ്ടായ അപകടത്തില്‍ എട്ടോളം പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ യുവതികളും ഉള്‍പ്പെടുന്നുണ്ട്. രണ്ട് പേരുടെ നില ഗുരുതരമാണ്.

പോരൂര്‍ മുതല്‍ താമ്പരം വരെ ഇരുപത് കിലോമീറ്ററാണ് യുവാക്കള്‍ മിന്നുംവേഗതയില്‍ പാഞ്ഞത്. വൈകിട്ട് ആറ് മണിയോടെയായിരുന്നു മത്സര ഓട്ടം. നിരത്തില്‍ വാഹനങ്ങള്‍ ഏറെയുള്ള സമയത്തായിരുന്നു സാഹസം. സംഘാടകര്‍ ബൈക്കിലിരുന്ന് ഓട്ടോറെയ്‌സിന്റെ ദൃശ്യങ്ങളും പകര്‍ത്തി. മത്സരഓട്ടത്തിനിടെ വിവിധ ഇടങ്ങളില്‍ അപകടം ഉണ്ടായി.

താമ്പരത്ത് സ്‌കൂട്ടര്‍ യാത്രികരായ യുവതികളെ ഇടിച്ച് തെറിപ്പിച്ചു. തലയ്ക്ക് പരിക്കേറ്റ യുവതികളുടെ നില ഗുരുതരമാണ്. പോരൂരില്‍ രണ്ട് കാറുകളും ഒരു പിക്കപ്പ് വാനും അപകടത്തില്‍പ്പെട്ടു. രണ്ട് ഓട്ടോകള്‍ താമ്പരത്തിന് സമീപം നിയന്ത്രണം വിട്ട് മറിഞ്ഞു. ഓട്ടോഡ്രൈവര്‍മാരെ ആശുപത്രിയിലേക്ക് മാറ്റി.

ചെന്നൈയിലെ ഓട്ടോറെയ്‌സ് എന്ന ഓണ്‍ലൈന്‍ കൂട്ടായ്മയാണ് മത്സര ഓട്ടം സംഘടിപ്പിച്ചത്. പതിനായിരം രൂപയും ട്രോഫിയുമായിരുന്നു സമ്മാനം. പോലീസ് അനുമതി വാങ്ങാതെയായിരുന്നു മത്സരം. സംഘാടകരായ ചെന്നൈ സ്വദേശി ഷാമില്‍, സെലിന്‍, ശിവപ്രസാദ് എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. മത്സരത്തില്‍ പങ്കെടുത്തവര്‍ക്ക് എതിരെ കേസ് എടുത്തു.

Exit mobile version