‘സ്റ്റാൻ സ്വാമി ശിക്ഷ അർഹിച്ചിരുന്നു’; രാജ്യം തന്നെ നടുക്കം രേഖപ്പെടുത്തുമ്പോൾ വിഷം ചീറ്റി ബിജെപി നേതാവ് കപിൽ

ന്യൂഡൽഹി: വൈദികനും മനുഷ്യവകാശ പ്രവർത്തകനുമായിരുന്ന ഫാ. സ്റ്റാൻ സ്വാമിയുടെ മരണം ഭരണകൂടത്തിന്റെ കൊലപാതകമാണെന്ന് രാജ്യം സാക്ഷ്യപ്പെടുത്തുമ്പോൾ വിഷം ചീറ്റുന്ന പ്രതികരണവുമായി ബിജെപി നേതാവ്.

സ്റ്റാൻ സ്വാമി വിചാരണകാത്ത് അന്യായമായി തടങ്കലിൽ കഴിയുന്നതിനിടെ മരിച്ച സംഭവത്തിലാണ് ബിജെപി നേതാവ് കപിൽ മിശ്ര വിവാദപരാമർശം നടത്തിയിരിക്കുന്നത്. ‘സ്റ്റാൻ സ്വാമിയുടെ സ്വാഭാവിക മരണത്തിൽ വിഷമമുണ്ട്. മനുഷ്യരാശിക്കും രാജ്യത്തിനും എതിരേ ചെയ്ത ഹീനമായ കുറ്റകൃത്യങ്ങളുടെ പേരിൽ നിയമപരമായ ശിക്ഷ അയാൾ അർഹിച്ചിരുന്നു’-എന്നാണ് കപിൽ മിശ്ര ട്വീറ്റ് ചെയ്തത്.

തുടർച്ചയായ വിദ്വേഷപ്രസ്താവന കാരണം വിവാദനായകനാണ് കപിൽ മിശ്ര. സിഎഎ വിരുദ്ധ സമരകാലത്തടക്കം മുസ്‌ലിം ദളിത് വിഭാഗങ്ങൾക്കെതിരേ പ്രകോപനപരമായ സംഭാഷണങ്ങൾ ഇയാൾ നടത്തിയിട്ടുണ്ട്.

അതേസമയം സ്റ്റാൻ സ്വാമിയുടെ മരണത്തിൽ ഹൈക്കോടതിയടക്കം ഞെട്ടൽ രേഖപ്പെടുത്തിയിരിക്കുകയാണ്. സ്റ്റാൻ സ്വാമിയുടെ ജാമ്യ ഹർജി പരിഗണിക്കവെയാണ് മരണവാർത്ത അഭിഭാഷകനിൽ നിന്നും അറിഞ്ഞ കോടതി ഞെട്ടൽ രേഖപ്പെടുത്തിയത്.

ഭീമ കൊറേഗാവ് കേസിൽ എൻഐഎ അറസ്റ്റ് ചെയ്ത അദ്ദേഹത്തിന്റെ ആരോഗ്യ നില വഷളായതിനെ തുടർന്ന് കോടതി നിർദേശ പ്രകാരം കഴിഞ്ഞ ദിവസം ജയിലിൽ നിന്ന് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഇവിടെ വച്ചായിരുന്നു സ്വാമിയുടെ മരണം.

Exit mobile version