ലഡാക്ക് ഉള്‍പ്പടെ ഒഴിവാക്കി ഭൂപടം : ആറ് വര്‍ഷം മുമ്പത്തെ ട്വീറ്റിന്റെ പേരില്‍ വിവാദത്തിലായി ഉത്തരാഖണ്ഡ് മുഖ്യമന്ത്രി

Pushkar Singh Dhami | Bignewslive

ന്യൂഡല്‍ഹി : ലഡാക്ക് ഉള്‍പ്പടെയുള്ള പ്രദേശങ്ങള്‍ ഒഴിവാക്കി ആറ് വര്‍ഷം മുമ്പ് ട്വീറ്റ് ചെയ്ത ഇന്ത്യന്‍ ഭൂപടത്തിന്റെ പേരില്‍ സത്യപ്രതിജ്ഞയ്ക്ക് മുമ്പ് തന്നെ വിവാദത്തിലായി ഉത്തരാഖണ്ഡിലെ പുതിയ മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമി. അഖണ്ഡ ഭാരതം എന്ന പേരില്‍ ഇന്നത്തെ ഇന്ത്യയുടെ പ്രധാന ഭാഗങ്ങള്‍ ഒഴിവാക്കിയുള്ള മാപ്പാണ് ആറ് വര്‍ഷം മുമ്പ് പുഷ്‌കര്‍ ട്വീറ്റ് ചെയ്തത്.

വെളുത്ത വര കൊണ്ട് അടയാളപ്പെടുത്തിയ ഇന്ത്യന്‍ മാപ്പില്‍ ലഡാക്കിന്റേതുള്‍പ്പടെ ചില പ്രദേശങ്ങള്‍ ഒഴിവാക്കിയെന്ന് ട്വിറ്റര്‍ ഉപയോക്താക്കള്‍ ചൂണ്ടിക്കാട്ടുന്നു. അടുത്തിടെ ഇന്ത്യയുടെ വികല ഭൂപടം പ്രസിദ്ധീകരിച്ചതിന് ട്വിറ്ററിനെതിരെ രണ്ട് പോലീസ് കേസുകള്‍ രജിസ്റ്റര്‍ ചെയ്ത പശ്ചാത്തലത്തിലാണ് പുതിയ വിവാദം.ഫെബ്രുവരിയില്‍ ഇന്ത്യയുടെ ഭൂപടം തെറ്റായി പ്രസിദ്ധീകരിച്ചതിന് ലോകാരോഗ്യ സംഘടനയെ കേന്ദ്ര സര്‍ക്കാര്‍ വിമര്‍ശിച്ചിരുന്നു. ഇന്ത്യയുടെ കൃത്യതയില്ലാത്ത ഭൂപടം പ്രസിദ്ധീകരിച്ചതിന് ബിബസി ക്ഷമ ചോദിക്കുകയും പിന്നീട് അത് ശരിയാക്കുകയും ചെയ്തിട്ടുണ്ട്.

ബിജെപി സംസ്ഥാന യൂണിറ്റിലെ കലഹത്തെ തുടര്‍ന്ന് തീരഥ് സിങ് റാവത്ത് മുഖ്യമന്ത്രി സ്ഥാനം രാജി വെച്ചതിനെത്തുടര്‍ന്നാണ് 45കാരനായ പുഷ്‌കറിനെ മുഖ്യമന്ത്രിയായി തിരഞ്ഞെടുത്തത്. ഞായറാഴ്ച വൈകിട്ടാണ് സത്യപ്രതിജ്ഞ.

Exit mobile version