ചുവന്ന തെരുവില്‍ നിന്ന് അഭയകേന്ദ്രത്തിലെത്തിച്ച 10 പെണ്‍കുട്ടികള്‍ മതില്‍ പൊളിച്ച് രക്ഷപ്പെട്ടു; 2 പേര്‍ പരിക്കേറ്റ നിലയില്‍, ഇഷ്ടപ്രകാരം പോകാന്‍ തീരുമാനിച്ചതെന്ന് മൊഴി

ന്യൂഡല്‍ഹി: ചുവന്ന തെരുവില്‍ നിന്ന് രക്ഷപ്പെടുത്തി അഭയകേന്ദ്രത്തിലെത്തിച്ച 10 പെണ്‍കുട്ടികള്‍ കേന്ദ്രത്തിന്റെ മതില്‍ പൊളിച്ച് രക്ഷപ്പെട്ടു. ഡല്‍ഹി ജിബി റോഡിലെ ചുവന്ന തെരുവില്‍ നിന്നാണ് 17 മുതല്‍ 26 വയസ്സ് വരെ പ്രായമുള്ള 12 പെണ്‍കുട്ടികളെ രക്ഷപ്പെടുത്തി അഭയകേന്ദ്രത്തില്‍ എത്തിച്ചത്. ഇതില്‍ 10 പേരാണ് ഡല്‍ഹിയിലെ ദ്വാരകയിലുള്ള അഭയകേന്ദ്രത്തില്‍ നിന്ന് കടന്നുകളഞ്ഞത്. ഒപ്പം ചാടാന്‍ ശ്രമിച്ച രണ്ടുപേര്‍ക്ക് പരിക്കേറ്റു ചികിത്സയിലാണ്.

അഭയകേന്ദ്രത്തിന്റെ മതിലില്‍ എക്‌സ്ഹോസ്റ്റ് ഫാന്‍ ഘടിപ്പിച്ചിരുന്ന ഇടം പൊളിച്ചുമാറ്റി മൂന്നാം നിലയില്‍ നിന്ന് താഴെ ഇറങ്ങിയാണ് ഇവര്‍ രക്ഷപ്പെട്ടത്. 12 പേര്‍ രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും 10 പേര്‍ക്കേ അതിനു സാധിച്ചുള്ളൂ. പരുക്കേറ്റ രണ്ട് പേരെ ഉപേക്ഷിച്ചാണ് ഇവര്‍ കടന്നുകളഞ്ഞത്. പരിക്കേറ്റവരെ ചോദ്യം ചെയ്തപ്പോള്‍ സ്വന്തം ഇഷ്ടപ്രകാരം ചെയ്തതാണെന്ന് പോലീസിനോട് വെളിപ്പെടുത്തി.

സംഭവം നടന്ന് ഒരു മാസം കഴിഞ്ഞെങ്കിലും ഇതുവരെ കടന്നുകളഞ്ഞവരെ കണ്ടത്താന്‍ പൊലീസിനു കഴിഞ്ഞില്ല. ഇതേ തുടര്‍ന്ന് ചൊവ്വാഴ്ച പോലീസ് ഇവരുടെ ചിത്രങ്ങളും പേരുകളും വിവരിച്ച് പത്രത്തില്‍ പരസ്യം നല്‍കുകയായിരുന്നു.

Exit mobile version