ഓഫീസില്‍ വന്നയാള്‍ക്ക് പെട്ടെന്ന് ഹൃദയാഘാതം; കുഴഞ്ഞുവീണപ്പോള്‍ കൃത്യസമയത്ത് സിപിആര്‍ നല്‍കി, ജീവന്‍ രക്ഷിച്ച് ആരോഗ്യ സെക്രട്ടറി

സംഭവത്തെ തുടര്‍ന്ന് ജനക് ലാല്‍ എന്നയാളെ സെക്ടര്‍ 16ലെ ഗവണ്‍മെന്റ് മള്‍ട്ടി സ്‌പെഷ്യാലിറ്റി ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്.

ചണ്ഡീഗഡ്: ഹൃദയാഘാതത്തെത്തുടര്‍ന്ന് കുഴഞ്ഞുവീണയാളിന് തക്കസമയത്ത് സിപിആര്‍ നല്‍കി ജീവന്‍ രക്ഷിച്ച് ചണ്ഡീഗഡ് ആരോഗ്യ സെക്രട്ടറി യശ്പാല്‍ ഗാര്‍ഗ്. ചണ്ഡീഗഡ് ഹൗസിംഗ് ബോര്‍ഡ് ഓഫീസില്‍ ചൊവ്വാഴ്ച രാവിലെയാണ് സംഭവം.

കുഴഞ്ഞുവീണയാള്‍ സുഖം പ്രാപിക്കുകയും ഉടന്‍ ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. സംഭവത്തെ തുടര്‍ന്ന് ജനക് ലാല്‍ എന്നയാളെ സെക്ടര്‍ 16ലെ ഗവണ്‍മെന്റ് മള്‍ട്ടി സ്‌പെഷ്യാലിറ്റി ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. ഇയാളെ ഇലക്ട്രോ കാര്‍ഡിയോഗ്രാഫിക്ക് (ഇസിജി) വിധേയനാക്കിയെന്നും ആശുപത്രിയില്‍ നിരീക്ഷണത്തിലാണെന്നും അധികൃതര്‍ അറിയിച്ചു.

പബ്ലിക് റിലേഷന്‍സ് ഡയറക്ടര്‍ രാജീവ് തിവാരി തന്റെ ഓഫീസിലേക്ക് വരികയും സിഎച്ച്ബി സെക്രട്ടറി ഓഫീസില്‍ ഒരാള്‍ കുഴഞ്ഞുവീഴുന്ന വിവരം തന്നോട് പറയുകയുമായിരുന്നു. ഉടന്‍തന്നെ സംഭവസ്ഥലത്തെത്തി സിപിആര്‍ നല്‍കുകയുമാണ് ചെയ്തതെന്ന് യശ്പാല്‍ ഗാര്‍ഗ് പറഞ്ഞു.

സിപിആര്‍ നല്‍കുന്നതില്‍ തനിക്ക് പരിശീലനമൊന്നും ഇല്ലായിരുന്നുവെങ്കിലും ഒരു ടിവി ന്യൂസ് ചാനലില്‍ രോഗിക്ക് ഡോക്ടര്‍ മരുന്ന് കുറിക്കുന്ന വീഡിയോ കണ്ടതിനാല്‍ അത് ചെയ്തുവെന്നും ശരിയായ നടപടിക്രമം തനിക്ക് അറിയില്ലായിരിക്കാം, എന്നാല്‍ ആ സമയത്ത് തനിക്ക് ഏറ്റവും നന്നായി തോന്നിയത് താന്‍ ചെയ്തുവെന്ന് ചണ്ഡീഗഡ് ആരോഗ്യ സെക്രട്ടറി പറഞ്ഞു.

സംഭവത്തിന്റെ വീഡിയോ പങ്കുവച്ചതിന് പിന്നാലെ ധാരാളം ആളുകളാണ് യശ്പാല്‍ ഗാര്‍ഡിന് ആശംസകള്‍ നേര്‍ന്നത്. പ്രായമായ ഒരാള്‍ അബോധാവസ്ഥയില്‍ കസേരയില്‍ കിടക്കുന്നതും യശ്പാല്‍ ഗാര്‍ഗ് സിപിആര്‍ നല്‍കുന്നതുമാണ് വിഡിയോയിലുള്ളത്.

Exit mobile version