അരവിന്ദ് കെജ്‌രിവാളിനെ വിമര്‍ശിച്ച് കമന്റ്; ബിരുദാനന്തര ബിരുദ വിദ്യാര്‍ഥിനിയ്ക്ക് 5000 രൂപ പിഴയിട്ട് അംബേദ്കര്‍ സര്‍വകലാശാല, പിഴ ഒടുക്കിയാല്‍ മാത്രം പരീക്ഷ എഴുതാം

ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ വിമര്‍ശിച്ച വിദ്യാര്‍ഥിനിക്ക്
5000 രൂപ പിഴയിട്ട് ഡോ. ബി.ആര്‍ അംബേദ്കര്‍ സര്‍വകലാശാല. രണ്ടാംവര്‍ഷ ബിരുദാനന്തര ബിരുദ വിദ്യാര്‍ഥിനിയായ നേഹയ്ക്കാണ് സര്‍വകലാശാല പിഴയിട്ടത്.

മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ മുഖ്യാതിഥിയായ ബിരുദദാന പരിപാടിയുടെ യൂട്യൂബ് ലിങ്കിന് താഴെ പട്ടിക ജാതി പട്ടികവര്‍ഗ വിദ്യാര്‍ഥികളുടെ ഫീസ് വര്‍ധിപ്പിച്ച സര്‍വകലാശാല നടപടിയെ വിമര്‍ശിച്ചതിനാണ് നേഹയ്ക്ക് പിഴ ചുമത്തിയത്.

ഡല്‍ഹി സര്‍ക്കാറിന് കീഴിലുള്ളതാണ് ഡോ. ബി.ആര്‍ അംബേദ്കര്‍ സര്‍വകലാശാല.
‘സര്‍ക്കാറിന്റെ വിദ്യാഭ്യാസ വിപ്ലവം പൊള്ളയാണെന്നും അംബേദ്കര്‍ സര്‍വകലാശാലയിലെ ആയിരക്കണക്കിന് വിദ്യാര്‍ഥികള്‍ക്ക് തിരിച്ചടിയായ നടപടി നാണക്കേടാണെന്നും കെജ്‌രിവാള്‍ വിദ്യാര്‍ഥി വിരുദ്ധനാണെന്നുമായിരുന്നു’ നേഹയുടെ കമന്റ്.

നടപടിയില്‍ കുറ്റബോധമില്ലാത്തതുകൊണ്ടാണ് പിഴയിടുന്നതെന്ന് സര്‍വകലാശാല ഉത്തരവില്‍ പറയുന്നു. മുഖ്യാതിഥിയെ കുറിച്ചും സര്‍വകലാശാല സമൂഹത്തെ കുറിച്ചും ഒരു പൊതുഇടത്ത് അടിസ്ഥാനരഹിതമായ അഭിപ്രായ പ്രകടനം നടത്തിയത് അപമര്യാദയാണ്.

സര്‍വകലാശാലയെ അപകീര്‍ത്തിപ്പെടുത്താനുള്ള ബോധപൂര്‍വമായ ശ്രമം കൂടിയാണിത്. അവസാന വര്‍ഷ വിദ്യാര്‍ഥിയായതിനാലാണ് നേഹയുടെ സസ്‌പെന്‍ഷന്‍ വേണ്ടെന്നുവെച്ചതെന്നും 5000 രൂപ പിഴ അടച്ചെങ്കില്‍ മാത്രമേ അവരെ പരീക്ഷ എഴുതാന്‍ അനുവദിക്കുകയുള്ളൂ എന്നും ഉത്തരവിലുണ്ട്.

മുഖ്യമന്ത്രിയെ വിമര്‍ശിച്ചതിന് കാരണം കാണിക്കല്‍ നോട്ടീസ് അയച്ച സര്‍വകലാശാല അവരുടെ കോളജ് ഇ-മെയില്‍ ഐഡി സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഇതുമൂലം ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കാനോ വായിക്കാനുള്ള പഠനസാമഗ്രികള്‍ ശേഖരിക്കാനോ കഴിഞ്ഞില്ല.

നിരവധി വിദ്യാര്‍ഥികള്‍ നേഹയേക്കാള്‍ മോശമായ ഭാഷയുപയോഗിച്ച് കമന്റിട്ടിരുന്നുവെങ്കിലും അവര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് അയച്ചില്ലെന്നും നേഹ ചൂണ്ടിക്കാട്ടി.

Exit mobile version