മാസ്‌ക് താഴ്ത്തി കപ്പലണ്ടി തിന്ന തൊഴിലാളിക്ക് 500 രൂപ പിഴ; പണമില്ലാത്തതിനാല്‍ സ്റ്റേഷനിലേയ്ക്കു കൊണ്ടുപോയി! ഒടുവില്‍ ജാമ്യം

കൊട്ടാരക്കര: മാസ്‌ക് താഴ്ത്തിയിട്ട ശേഷം കപ്പലണ്ടി തിന്നതിന്റെ പേരില്‍ തൊഴിലാളിക്ക് 500 രൂപ പിഴചുമത്തി കേരളാ പോലീസ്. കൊട്ടാരക്കര പ്രൈവറ്റ് സ്റ്റാന്‍ഡില്‍ ബസ് കാത്തുനിന്ന തോട്ടംമുക്ക് സ്വദേശിക്കാണ് പിഴ ചുമത്തിയത്.

എന്നാല്‍ പിഴയടയ്ക്കാന്‍ ഇദ്ദേഹത്തിന്റെ കൈയില്‍ പണമില്ലായിരുന്നു. തുടര്‍ന്ന് ഇയാളെ പോലീസ് സ്റ്റേഷനിലേക്കു കൊണ്ടുപോയി. നാട്ടുകാരനായ പൊതുപ്രവര്‍ത്തകനെത്തിയാണ് ഒടുവില്‍ ജാമ്യത്തിലിറക്കിയത്.

ചാലിയക്കര എസ്റ്റേറ്റില്‍ 600 രൂപ ദിവസക്കൂലിക്കു ജോലിക്കു പോയി മടങ്ങവെയായിരുന്നു പോലീസ് എത്തി പെറ്റിയടിച്ചത്. ബസ് സ്റ്റാന്‍ഡില്‍ സാമൂഹിക അകലം പാലിച്ചില്ല, മാസ്‌ക് താഴ്ത്തിയിട്ടിരുന്നു തുടങ്ങിയവയാണ് കുറ്റങ്ങള്‍. തോട്ടംമുക്കിലേക്കുള്ള ബസ് എത്താന്‍ സമയമുള്ളതിനാല്‍ കപ്പലണ്ടി വാങ്ങി കൊറിച്ചു എന്നതുമാത്രമാണ് താന്‍ ചെയ്ത തെറ്റെന്ന് തൊഴിലാളി പറയുന്നു.

Exit mobile version