പ്രേതങ്ങൾ തന്നെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുന്നു എന്ന് യുവാവ്; പ്രേതങ്ങൾക്ക് എതിരെ കേസെടുത്ത് ഗുജറാത്ത് പോലീസ്

വഡോദര: തന്നെ ഒരുകൂട്ടം പ്രേതങ്ങൾ തന്നെ നിരന്തരം ഉപദ്രവിക്കുകയാണെന്നും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയാണെന്നും കാണിച്ച് ജീവൻ രക്ഷിക്കാനായി അപേക്ഷിച്ച യുവാവിന് ആശ്വാസമായി പോലീസ്. 35കാരനായ പരാതിക്കാരന്റെ ആശങ്ക ദുരീകരിക്കാനായി ഗുജറാത്തിലെ ജംബുഗോഡ പോലീസ് സ്‌റ്റേഷനിലെ പോലീസുകാർ രണ്ട് പ്രേതങ്ങൾക്ക് എതിരെ കേസുമെടുത്തു. പരാതിക്കാരൻ മാനസികപ്രശ്‌നം ഉള്ളയാളാണെന്ന് മനസിലായതോടെയാണ് പോലീസുകാർ യുവാവിന്റെ പരാതി സ്വീകരിച്ചത്.

ഞായറാഴ്ച രാവിലെയാണ് യുവാവ് വ്യത്യസ്തമായ പരാതിയുമായി പോലീസ് സ്‌റ്റേഷനിലെത്തിയത്. കൃഷിയിടത്തിൽ ജോലി ചെയ്യുന്നതിനിടെ പ്രേതങ്ങളുടെ ഒരു സംഘം വന്നെന്നും അവർ തന്നെ ഉപദ്രവിച്ചെന്നും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി എന്നുമായിരുന്നു യുവാവ് പറഞ്ഞത്. പോലീസ് തന്റെ ജീവൻ രക്ഷിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു.

പിന്നീട് യുവാവ് പ്രേതങ്ങൾ എങ്ങനെയാണ് വന്നതെന്നും കൃത്യമായി വിശദീകരിച്ചുനൽകി. ഇയാളുടെ അസാധാരണ പെരുമാറ്റം കണ്ടപ്പോൾ തന്നെ സംശയം തോന്നിയ പോലീസ് ബന്ധുക്കളെ ബന്ധപ്പെട്ടതോടെയാണ് കാര്യങ്ങൾ വ്യക്തമായത്. ഇതോടെ എന്നാൽ, ഇയാളോട് എതിർത്തൊന്നും പറയാതെ പോലീസ് ഉദ്യോഗസ്ഥർ പരാതി സ്വീകരിച്ചു. മാനസിക രോഗത്തിന് മരുന്ന് കഴിക്കുന്ന യുവാവ് 10 ദിവസമായി ഇത് മുടക്കിയിരുന്നു. ഇതാണ് അസാധാരണമായി പെരുമാറാനുള്ള സാഹചര്യം ഒരുക്കിയത്. യുവാവിന്റെ മരുന്ന് മുടക്കരുതെന്ന് നിർദേശിച്ച് ഇയാളെ ബന്ധുക്കളോടൊപ്പം പോലീസ് മടക്കി അയച്ചു.

Exit mobile version