കോവിഡ് തകർത്ത മേഖലകളുടെ ഉത്തേജനത്തിനായി 1.1 ലക്ഷം കോടിയുടെ വായ്പ; എട്ടിന പദ്ധതികളുമായി ധനമന്ത്രി

ന്യൂഡൽഹി: കോവിഡ് ബാധിച്ച് തകർച്ചയിലായ മേഖലകളുടെ പുനരുജ്ജീവനത്തിനായി പദ്ധതികൾ പ്രഖ്യാപിച്ച് ധനമന്ത്രി നിർമല സീതാരാമൻ. 1.1 ലക്ഷം കോടിയുടെ വായ്പാ പദ്ധതി ഉൾപ്പെടെ എട്ടിന പദ്ധതികളാണ് ധനമന്ത്രി നിർമ്മല സീതാരാമൻ പ്രഖ്യാപിച്ചത്.

സാമ്പത്തിക, ആരോഗ്യ, വിനോദസഞ്ചാര മേഖലകൾക്ക് പ്രാധാന്യം നൽകിയുള്ള പദ്ധതികളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. 7.5 ശതമാനം പലിശനിരക്കിൽ ആരോഗ്യമേഖലയിൽ 100 കോടി വായ്പയായി അനുവദിക്കും. ക്രെഡിറ്റ് ഗ്യാരന്റി പദ്ധതിക്ക് കീഴിൽ 25 ലക്ഷം പേർക്ക് പരമാവധി 1.25 ലക്ഷം രൂപ വായ്പയായി നൽകും. വിനോദ സഞ്ചാര മേഖലയിലുള്ളവർക്ക് 10 ലക്ഷവും ടൂർ ഗൈഡുമാർക്ക് ഒരു ലക്ഷവും വായ്പയായി ലഭ്യമാക്കും.

ആകെ 50,000 കോടിയാണ് ആരോഗ്യ മേഖലയ്ക്കായി മാറ്റിവെച്ചിരിക്കുന്നത്. അന്താരാഷ്ട്ര യാത്രകൾ പുനരാരംഭിച്ചു കഴിഞ്ഞാൽ ആദ്യ അഞ്ച് ലക്ഷം വിനോദസഞ്ചാരികൾക്ക് വിസ ഫീസ് ഈടാക്കില്ല. ഇത് മാർച്ച് 31 വരെയോ ആദ്യ അഞ്ച് ലക്ഷം തികയും വരെയോ തുടരുമെന്നും ധനമന്ത്രി വ്യക്തമാക്കി.

Exit mobile version