കര്‍ഷക പ്രക്ഷോഭം അട്ടിമറിക്കാന്‍ പാക്ക് ഗ്രൂപ്പുകളെന്ന് മുന്നറിയിപ്പ് : ഡല്‍ഹിയില്‍ സുരക്ഷ ശക്തമാക്കി, മൂന്ന് മെട്രോ സ്‌റ്റേഷനുകള്‍ അടച്ചു

Farmer protest | Bignewslive

ന്യൂഡല്‍ഹി : കര്‍ഷക പ്രക്ഷോഭം ഏഴ് മാസം പൂര്‍ത്തിയാകുന്ന വേളയില്‍ പാക്കിസ്ഥാന്‍ ആസ്ഥാനമായുള്ള ഗ്രൂപ്പുകള്‍ പ്രക്ഷോഭം അട്ടിറിക്കാന്‍ ശ്രമമെന്ന് രഹസ്യന്വേഷണ ഏജന്‍സികളുടെ മുന്നറിയിപ്പ്. വിവാദ കര്‍ഷകനിയമങ്ങള്‍ക്കെതിരെ ഇന്ന് രാജ്യത്തുടനീളം പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കാന്‍ കര്‍ഷകര്‍ തീരുമാനിച്ചിരിക്കുന്ന പശ്ചാത്തലത്തിലാണ് മുന്നറിയിപ്പ്.

ഇതിനെത്തുടര്‍ന്ന് ഡല്‍ഹിയില്‍ സുരക്ഷ ശക്തമാക്കി. യെലോ ലൈന്‍ റൂട്ടിലെ മൂന്ന് സ്‌റ്റേഷനുകള്‍-വിശ്വ വിദ്യാലയം, സിവില്‍ ലൈന്‍സ്, വിധാന്‍ സഭ- താല്ക്കാലികമായി അടയ്ക്കാന്‍ ഡല്‍ഹി മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ തീരുമാനിച്ചു. സുരക്ഷാ കാരണങ്ങളാല്‍ ഡല്‍ഹി പോലീസിന്റെ നിര്‍ദേശപ്രകാരം സ്റ്റേഷനുകള്‍ അടച്ചതായി ഡിഎംആര്‍സി ട്വീറ്റ് ചെയ്തു.

ജൂണ്‍ 26ന് നടക്കുന്ന കര്‍ഷക പ്രക്ഷോഭം പാക്കിസ്ഥാന്‍ ആസ്ഥാനമാക്കിയുള്ള ഐഎസ്‌ഐയുടെ നിഴല്‍സംഘങ്ങള്‍ ആക്രമിച്ചേക്കാമെന്നും സുരക്ഷ ശക്തമാക്കണമെന്നുമാണ് ഡല്‍ഹി പോലീസിനയച്ച കത്തില്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ നിര്‍ദേശിച്ചിരിക്കുന്നത്. അതേസമയം കര്‍ഷക പ്രക്ഷോഭത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് രാജ്യത്തും യുഎസിലും പ്രകടനം നടക്കുമെന്ന് സംയുക്ത കിസാന്‍ മോര്‍ച്ച അറിയിച്ചു. സംസ്ഥാന തലസ്ഥാനങ്ങളില്‍ ഗവര്‍ണര്‍മാരുടെ വസതിക്ക് മുന്നില്‍ ധര്‍ണ നടത്തും. ഡല്‍ഹിയുടെ അതിര്‍ത്തി മേഖലകളായ സിംഘു, തിക്രി, ഗാസി്പ്പൂര്‍ എന്നിവിടങ്ങളിലെ പ്രക്ഷോഭകേന്ദ്രങ്ങളിലേക്ക് എത്താന്‍ അയല്‍ സംസ്ഥാനങ്ങളിലെ കര്‍ഷകരോട് ആഹ്വാനം ചെയ്തിരുന്നു.

Exit mobile version