പ്രണയിനിയെ രക്ഷിക്കാന്‍ പോയി പാകിസ്താന്‍ ജയിലില്‍ അകപ്പെട്ട ഹാമിദ് ആറ് വര്‍ഷത്തിനു ശേഷം ഇന്ത്യന്‍ മണ്ണില്‍ കാലുകുത്തി ഹാമിദ്!

പ്രാര്‍ത്ഥനകള്‍ സഫലം! പ്രണയിനിയെ രക്ഷിക്കാന്‍ പോയി പാകിസ്താന്‍ ജയിലില്‍ അകപ്പെട്ട ഇന്ത്യന്‍ യുവഎഞ്ചിനീയര്‍ക്ക് ഒടുവില്‍ മോചനം;

അമൃത്‌സര്‍: ആറുവര്‍ഷത്തെ ജയില്‍വാസവും ചാരനെന്ന കുറ്റപ്പെടുത്തലും പിന്നിലുപേക്ഷിച്ച് ഹാമിദ് ഇന്ത്യന്‍ മണ്ണില്‍ കാലുകുത്തി. സോഷ്യല്‍മീഡിയ വഴി പ്രണയത്തിലായ പെണ്‍കുട്ടിയെ ഇഷ്ടമില്ലാത്ത വിവാഹത്തില്‍ നിന്നും രക്ഷിക്കാനായി അഫ്ഗാനിസ്താന്‍ വഴി പാകിസ്താനില്‍ പ്രവേശിക്കുകയും, ജയിലില്‍ അകപ്പെടുകയും ചെയ്ത മുംബൈക്കാരന്‍ ഹാമിദ് അന്‍സാരി ഒടുവില്‍ ഇന്ത്യന്‍ മണ്ണില്‍ തിരിച്ചെത്തി. ചാരക്കുറ്റം ആരോപിക്കപ്പെട്ട് പാകിസ്താന്‍ ജയിലില്‍ ആറു വര്‍ഷം തടവില്‍ കഴിഞ്ഞ മുംബൈ സ്വദേശിയായ സോഫ്റ്റ്‌വെയര്‍ എന്‍ജിനീയര്‍ ഹാമിദ് അന്‍സാരിയാണ് അട്ടാരി-വാഗ അതിര്‍ത്തി വഴി ഇന്ത്യയില്‍ തിരിച്ചെത്തിയത്.

വാഗ അതിര്‍ത്തിയില്‍ ഹമീദിനെ കാത്ത് മാതാപിതാക്കള്‍ നിറകണ്ണുകളോടെ ഉണ്ടായിരുന്നു. അതിര്‍ത്തി കടന്ന് നടന്നെത്തിയ മകനെ അവര്‍ വാരിപ്പുണര്‍ന്ന് സ്വീകരിച്ചു.

പെഷാവര്‍ ജയിലിലായിരുന്ന ഈ മുപ്പത്തിമൂന്നുകാരനെ, തിരിച്ചയക്കണമെന്ന ഉത്തരവ് വന്നതോടെ ചൊവ്വാഴ്ചയാണ് മോചിപ്പിച്ചത്. ഓണ്‍ലൈന്‍ വഴി പരിചയപ്പെട്ട പെണ്‍കുട്ടിയെ കണ്ടുമുട്ടാനായി 2012ലാണ് ഹാമിദ് ഇന്ത്യ വിട്ടത്.

പാകിസ്താനില്‍ പ്രവേശിക്കാന്‍ അഫ്ഗാന്‍ വഴിയാണ് ഇയാള്‍ പോയത്. വ്യാജ പാക് തിരിച്ചറിയല്‍ കാര്‍ഡുമായി പാക് സേനയുടെ പിടിയിലായ ഹാമിദിനെ സൈനിക കോടതി ചാരവൃത്തി ആരോപിച്ച് 2015ല്‍ മൂന്നു വര്‍ഷം തടവിന് ശിക്ഷിച്ചു. ശിക്ഷാ കാലാവധി ഡിസംബര്‍ 15ന് അവസാനിച്ചിട്ടും നാടുകടത്താന്‍ പാകിസ്താന്‍ തയ്യാറാകാതിരുന്നതോടെ സോഷ്യല്‍മീഡിയയില്‍ വന്‍ ക്യാംപെയ്‌നുകള്‍ നടന്നിരുന്നു. ഇതോടെയാണ് മോചനവഴി തെളിഞ്ഞത്.

ദൈവം ഞങ്ങളുടെ പ്രാര്‍ഥന കേട്ടുവെന്നും ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ മുഹൂര്‍ത്തമാണിതെന്നും, വാഗയില്‍ കാത്തിരുന്ന മാതാവ് ഫൗസിയയും പിതാവ് നിഹാല്‍ അന്‍സാരിയും പറഞ്ഞു.

Exit mobile version