നടുറോഡിലിട്ട് പോലീസ് വളഞ്ഞിട്ട് തല്ലി; യുവാവിന് ദാരുണാന്ത്യം; തമിഴ്‌നാട് പോലീസിന്റെ ക്രൂരത വീണ്ടും; എസ്എസ്‌ഐ അറസ്റ്റിൽ

ചെന്നൈ: തമിഴ്‌നാട്ടിൽ പോലീസ് മർദ്ദനത്തിൽ വീണ്ടും സാധാരണക്കാരന്റെ ജീവൻ പൊലിഞ്ഞു. പട്ടാപ്പകൽ നടുറോഡിൽവെച്ച് പോലീസ് വളഞ്ഞിട്ട് തല്ലിയ യുവാവിനാണ് ദാരുണാന്ത്യം. സേലം സ്വദേശി മുരുകേശനാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ എസ്എസ്‌ഐയായ പെരിയസ്വാമിയെ പോലീസ് അറസ്റ്റ് ചെയ്തു.

ചൊവ്വാഴ്ച വൈകീട്ട് സേലത്തെ ഏതാപൂരിന് സമീപത്തെ ചെക്ക്‌പോസ്റ്റിൽ വെച്ച് പരിശോധനയ്ക്കിടെയാണ് പോലീസ് മുരുകേശനെ ക്രൂരമായി മർദിച്ചത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ മുരുകേശനെ കൂടെയുണ്ടായിരുന്നവർ ആദ്യം സമീപത്തെ ആശുപത്രിയിലെത്തിക്കുകയും പിന്നീട് സേലത്തെ മെഡിക്കൽ കോളേജിലേക്ക് മാറ്റുകയുമായിരുന്നു. എങ്കിലും ബുധനാഴ്ച രാവിലെ മുരുകേശൻ മരണപ്പെട്ടു.

ലോക്ക്ഡൗൺ ഇളവുകളില്ലാത്ത സേലത്ത് മദ്യക്കടകൾ തുറന്നിട്ടില്ലായിരുന്നു. ഇതിനെത്തുടർന്ന് സമീപ ജില്ലയായ കല്ലക്കുറിച്ചിയിൽ പോയി മദ്യം വാങ്ങി തിരിച്ചുവരുന്നതിനിടെ മുരുകേശനെ പോലീസ് തടയുകയായിരുന്നു. തുടർന്ന് എസ്എസ്‌ഐയായ പെരിയസ്വാമിയുടെ നേതൃത്വത്തിൽ ലാത്തി കൊണ്ട് ക്രൂരമായി മർദിക്കുകയായിരുന്നു. റോഡിൽ വീണിട്ടും മുരുകേശനെ മർദ്ദിക്കുന്നത് പോലീസ് തുടർന്നു. മുരുകേശൻ അസഭ്യം പറഞ്ഞതാണ് മർദനനത്തിന് കാരണമെന്നാണ് സംഘത്തിലുണ്ടായിരുന്ന പോലീസുകാരുടെ വാദം.

സംഭവം വിവാദമായതോടെ ക്രൂരമർദനത്തിന് നേതൃത്വം നൽകിയ എസ്എസ്‌ഐ പെരിയസ്വാമിയെ സർവീസിൽ നിന്ന് സസ്‌പെൻഡ് ചെയ്തിട്ടുണ്ട്. ഇയാളെ കൊലക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തു. എസ്പിയുടെ നേതൃത്വത്തിൽ വിശദമായ അന്വേഷണം പുരോഗമിക്കുകയാണ്.

തമിഴ്‌നാട്ടിൽ തൂത്തുക്കുടിയിൽ കഴിഞ്ഞ ലോക്ക്ഡൗൺ കാലത്ത് കടയടയ്ക്കാൻ വൈകിയെന്ന് ആരോപിച്ച് ജയരാജ് എന്ന കച്ചവടക്കാരനെയും മകൻ ബെന്നിക്‌സിനേയും പോലീസ് മർദിച്ച് കൊലപ്പെടുത്തിയ സംഭവം ഏറെ വിവാദങ്ങൾക്കിടയാക്കിയിരുന്നു.

Exit mobile version