ബിഹാറില്‍ ജാതിവിവേചനം തുടര്‍ക്കഥയാകുന്നു; സ്‌കൂളില്‍ ജാതി-മതാടിസ്ഥാനത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് പ്രത്യേക ക്ലാസ് മുറികള്‍

ഒബിസി, ദളിത്, സവര്‍ണ വിഭാഗം കുട്ടികള്‍ക്ക് പ്രത്യേകം ക്ലാസ് മുറികളാണ് സ്‌കൂളിലുണ്ടായിരുന്നത്

പാറ്റ്‌ന: വൈശാലി ജില്ലയില്‍ ജാതിയുടെയും മതത്തിന്റെയും പേരില്‍ വിദ്യാര്‍ഥികളെ മാറ്റിയിരുത്തിയതായി പരാതി. സംഭവത്തില്‍ സര്‍ക്കാര്‍ അന്വേഷണം ആരംഭിച്ചു.

ലാല്‍ഗഞ്ചിലെ സര്‍ക്കാര്‍ സ്‌കൂളിലായിരുന്നു സംഭവം. മുസ്ലിം ഹിന്ദു കുട്ടികളെയും ദളിത് കുട്ടികളെയും വേര്‍ തിരിച്ച് പ്രത്യേകം മുറികളിലാണ് പഠനം നടത്തിയിരുന്നത്. ഒബിസി, ദളിത്, സവര്‍ണ വിഭാഗം കുട്ടികള്‍ക്ക് പ്രത്യേകം ക്ലാസ് മുറികളാണ് സ്‌കൂളിലുണ്ടായിരുന്നത്. സ്‌കൂളിലെ ഹാജര്‍ രേഖപ്പെടുത്തുന്ന ബുക്കില്‍ നിന്നും ഇക്കാര്യം വ്യക്തമായിരുന്നു.

മുസ്ലിം, ഹിന്ദു കുട്ടികള്‍ തമ്മിലും ദളിത്, സവര്‍ണ കുട്ടികള്‍ തമ്മിലും ഒരിക്കലും കണ്ടുമുട്ടാത്ത തരത്തിലായിരുന്നു ക്ലാസിലെ ഇരിപ്പിടം അടക്കമുള്ള ക്രമീകരണം. ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ അരവിന്ദ് കുമാര്‍ സ്‌കൂള്‍ സന്ദര്‍ശിക്കുകയും പരാതി ശരിയാണെന്ന് കണ്ടെത്തുകയും ചെയ്തു. സംഭവത്തില്‍ കുറ്റക്കാരായവര്‍ക്ക് അര്‍ഹമായ ശിക്ഷ നല്‍കുമെന്ന് ബിഹാര്‍ വിദ്യാഭ്യാസ മന്ത്രി കൃഷ്ണാനന്ദന്‍ പ്രസാദ് വര്‍മ പറഞ്ഞു.

വിദ്യാഭ്യാസ വകുപ്പിന്റെ പ്രത്യേക പദ്ധതികളുടെ ശരിയായ നടത്തിപ്പിനു വേണ്ടിയാണ് കുട്ടികളെ ഇത്തരത്തില്‍ വേര്‍തിരിച്ചിരുത്തിയതെന്നായിരുന്നു പ്രിന്‍സിപ്പല്‍ മീണ കുമാരിയുടെ വിശദീകരണം.

Exit mobile version