കോവിഡ് മൂന്നാം തരംഗം ഇന്ത്യയിൽ ഒക്ടോബറിൽ; ഒരു വർഷം കൂടി മഹാമാരി തുടരുമെന്നും വിദഗ്ധർ

ന്യൂഡൽഹി: കോവിഡ് 19 രോഗത്തിന്റെ രണ്ടാം തരംഗത്തിന്റെ വ്യാപനെ കുറഞ്ഞതിനിടെ മൂന്നാം തരംഗത്തെ കുറിച്ച് മുന്നറിയിപ്പ് നൽകി വിദഗ്ധർ. കോവിഡ് മൂന്നാം തരംഗം ഇന്ത്യയിൽ ഒക്ടോബറിൽ എത്തിയേക്കുമെന്നാണ് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നത്. രാജ്യത്ത് കോവിഡ് മഹാമാരി ഒരു വർഷംകൂടി പൊതുജനാരോഗ്യ പ്രശ്‌നമായി തുടരുമെന്നും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള 40 ആരോഗ്യ പരിചരണ വിദഗ്ധർ, ഡോക്ടർമാർ, ശാസ്ത്രജ്ഞർ, വൈറോളജിസ്റ്റുകൾ, പ്രൊഫസർമാർ എന്നിവരെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് വാർത്താ ഏജൻസി റിപ്പോർട്ടു ചെയ്തു. രണ്ടാം തരംഗത്തെക്കാൾ മികച്ച രീതിയിൽ മൂന്നാം തരംഗത്തെ നേരിടാൻ രാജ്യത്തിന് കഴിയുമെന്നും വിദഗ്ധർ അഭിപ്രായപ്പെടുന്നുണ്ട്.

ജൂൺ മൂന്നിനും 17 നുമിടെ നടത്തിയ സർവേയിൽ മൂന്നാം തരംഗം ഒക്ടോബറിൽ ആയിരിക്കുമെന്ന് 85 ശതമാനം വിദഗ്ധരും പ്രവചിച്ചു. മൂന്നാം തരംഗം ഓഗസ്റ്റിൽ എത്തുമെന്നാണ് മൂന്ന് വിദഗ്ധർ പ്രവചിച്ചത്. സെപ്റ്റംബറിൽ എത്തുമെന്ന് 12 പേർ അഭിപ്രായപ്പെട്ടു. നവംബറിനും അടുത്തവർഷം ഫെബ്രുവരിക്കും ഇടയിലാവും മൂന്നാം തരംഗം എത്തുകയെന്നും ഒരു വിഭാഗം വിദഗ്ധർ വിലയിരുത്തി. രണ്ടാം തരംഗത്തെക്കാൾ മികച്ച രീതിയിൽ മൂന്നാം തരംഗത്തെ നിയന്ത്രിക്കാൻ കഴിയുമെന്നാണ് 70 ശതമാനം വിദഗ്ധരും പ്രതീക്ഷ പ്രകടിപ്പിച്ചത്.

കൂടുതൽ പേർക്ക് വാക്‌സിൻ ലഭിക്കുന്നതോടെ മൂന്നാം തരംഗത്തെ കാര്യക്ഷമമായി നിയന്ത്രിക്കാൻ കഴിയുമെന്ന് ഡൽഹി എയിംസ് ഡയറക്ടർ രൺദീപ് ഗുലേറിയ അഭിപ്രായപ്പെട്ടു. അതിനിടെ, മൂന്നാം തരംഗം കുട്ടികളെയും 18 വയസിൽ താഴെയുള്ളവരെയും എത്തരത്തിൽ ബാധിക്കും എന്ന കാര്യത്തിൽ ഭിന്നാഭിപ്രായമാണ് വിദഗ്ധർ പങ്കുവച്ചതെന്ന് വാർത്താ ഏജൻസി റിപ്പോർട്ടു ചെയ്തു.

Exit mobile version