ലോക്ക്ഡൗണ്‍ ഇളവുകളെത്തുടര്‍ന്ന് വന്‍ ജനത്തിരക്ക് : മഹാരാഷ്ട്രയില്‍ 2-4 ആഴ്ചയ്ക്കുള്ളില്‍ കോവിഡ് മൂന്നാം തരംഗം എത്തിയേക്കാമെന്ന് ടാസ്‌ക്‌ഫോഴ്‌സ്

Maharashtra | Bignewslive

മുംബൈ : ലോക്ക്ഡൗണില്‍ ഇളവുകള്‍ ലഭിച്ചതിനെത്തുടര്‍ന്ന് നിരത്തിലിറങ്ങിയ ജനക്കൂട്ടം കണക്കിലെടുത്താല്‍ അടുത്ത രണ്ട് മുതല്‍ നാലാഴ്ചയ്ക്കുള്ളില്‍ കോവിഡ് മൂന്നാം തരംഗം മഹാരാഷ്ട്രയെ ബാധിച്ചേക്കാമെന്ന് മുന്നറിയിപ്പ്. സംസ്ഥാന കോവിഡ്19 ടാസ്‌ക് ഫോഴ്‌സാണ് മുന്നറിയിപ്പ് നല്‍കിയത്.

കോവിഡ് മൂന്നാംതരംഗം ഉണ്ടാകുന്ന പക്ഷം അതിനെ നേരിടാനുള്ള മുന്നൊരുക്കങ്ങള്‍ക്കായി മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ നേതൃത്വത്തില്‍ ബുധനാഴ്ച അവലോകന യോഗം ചേര്‍ന്നിരുന്നു. ഈ യോഗത്തിലാണ് ടാസ്‌ക്‌ഫോഴ്‌സ് അംഗങ്ങള്‍ നിരീക്ഷണങ്ങള്‍ പങ്ക് വെച്ചത്.
രണ്ടാം തരംഗത്തെ അപേക്ഷിച്ച് മൂന്നാം തരംഗത്തില്‍ കോവിഡ് രോഗികളുടെ എണ്ണം ഇരട്ടിയായേക്കാമെന്നും ടാസ്‌ക് ഫോഴ്‌സ് കണക്കാക്കുന്നു.

ഒന്നാം തരംഗത്തില്‍ 19 ലക്ഷം കേസുകളും രണ്ടാം തരംഗത്തില്‍ 40ലക്ഷം കേസുകളുമാണ് റിപ്പോര്‍ട്ട് ചെയ്തത്. നിലവില്‍ 1.4 ലക്ഷം സജീവ കേസുകളാണുള്ളത്. ഇത് എട്ട് ലക്ഷം വരെയെത്താം. ആദ്യ രണ്ട് തരംഗങ്ങള്‍ക്ക് സമാനമായി മൂന്നാം തരംഗത്തിലും പത്ത് ശതമാനം കേസുകള്‍ കുട്ടികളില്‍നിന്നോ യുവാക്കളില്‍ നിന്നോ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടേക്കാമെന്നും ടാസ്‌ക് ഫോഴ്‌സ് വിലയിരുത്തുന്നു.

രണ്ടാം തരംഗം അവസാനിച്ച് നാലാഴ്ചയ്ക്കുള്ളില്‍ യു.കെയ്ക്ക് മൂന്നാം തരംഗത്തെ നേരിടേണ്ടി വന്നു. കരുതലോടെ പെരുമാറാത്തപക്ഷം നമ്മളും സമാന അവസ്ഥിയിലേത്തിയേക്കാമെന്ന് ടാസ്‌ക് ഫോഴ്‌സ് അംഗം ഡോ.ശശാങ്ക് ജോഷി പറഞ്ഞു. മൂന്നാം തരംഗം കുട്ടികളെ കാര്യമായി ബാധിക്കാനുള്ള സാധ്യത കുറവാണെന്നാണ് വിലയിരുത്തുന്നത്.

Exit mobile version