പച്ച മാസ്‌ക് ധരിച്ച് ‘കൊറോണ മാതാ’ വിഗ്രഹം; കൊവിഡ് വ്യാപനം തടയാനും രോഗം വരാതിരിക്കാനും ഉത്തര്‍പ്രദേശിലെ പുതിയ മാര്‍ഗം ഇങ്ങനെ

‘Corona Mata’ | Bignewslive

ലഖ്നൗ: കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ വിചിത്രമായ പല ചികിത്സാരീതികളും മറ്റും വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. എന്നാല്‍ ഇപ്പോള്‍ ഏറെ വിചിത്രമായ കൊവിഡ് പ്രതിരോധ രീതിയാണ് ചര്‍ച്ചയാകുന്നത്. മാസ്‌ക് ധരിച്ച കൊറോണ മാതാ വിഗ്രഹം സ്ഥാപിച്ചാണ് കൊവിഡിനെ പ്രതിരോധിക്കാനൊരുങ്ങുന്നത്.

ഉത്തര്‍പ്രദേശിലെ, പ്രതാപ്ഗഡ് ജില്ലയിലെ ശുക്ലാപുരിലാണ് ക്ഷേത്രം നിര്‍മ്മിച്ചിരിക്കുന്നത്. പച്ച നിറത്തിലുള്ള മുഖംമൂടി ധരിച്ച ‘കൊറോണ മാതാ’ വിഗ്രഹമാണ് ക്ഷേത്രത്തിലെ പ്രതിഷ്ഠ. നൂറുകണക്കിന് ഗ്രാമീണരാണ് ഇവിടെ പ്രാര്‍ത്ഥനക്കെത്തിയത്. കോവിഡിന്റെ നിഴല്‍ ശുക്ലാപൂരിലും സമീപ ഗ്രാമങ്ങളിലും വീഴരുതെന്നാണ് ഇവിടുത്തെ ജനങ്ങളുടെ പ്രാര്‍ത്ഥന. പച്ച നിറത്തിലുള്ള മുഖംമൂടി ധരിച്ച ‘കൊറോണ മാതാ’ വിഗ്രഹമുള്ള ക്ഷേത്രത്തിന്റെ നിരവധി വീഡിയോകളും ഫോട്ടോകളും സമൂഹമാധ്യമങ്ങളില്‍ വ്യാപകമാണ്.

ഗ്രാമവാസികള്‍ തന്നെ പണം സ്വരൂപിച്ചാണ് ക്ഷേത്രം നിര്‍മിച്ചതെന്നാണ് ലഭിക്കുന്ന വിവരം. എന്നാല്‍ ഭക്തരുടെ എണ്ണം വര്‍ധിച്ചതോടെ ഉത്തര്‍പ്രദേശ് ഭരണകൂടം പുതുതായി നിര്‍മ്മിച്ച ‘കൊറോണ മാതാ’ ക്ഷേത്രം പൊളിച്ചുനീക്കിയതായും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്.

Exit mobile version