കുട്ടികളുടെ കോവിഡ് ചികിത്സ; കേന്ദ്രസർക്കാർ മാർഗരേഖ പുറത്തിറക്കി

ന്യൂഡൽഹി: കേന്ദ്രസർക്കാർ കുട്ടികളുടെ കൊവിഡ് ചികിത്സയ്ക്കായുള്ള മാർഗരേഖ പുറത്തിറക്കി . മൂന്നാംതരംഗം കുട്ടികളെ ബാധിക്കുമെന്ന റിപ്പോർട്ടുകൾക്കിടെയാണ് നടപടി. ഡയറക്ടർ ജനറൽ ഓഫ് ഹെൽത്ത് സർവീസാണ് പുതിയ മാർഗനിർദേശം പുറത്തിറക്കിയത്. ബുധനാഴ്ച രാത്രിയാണ് പുതിയ മാർഗരേഖ കേന്ദ്രം പുറത്തിറക്കിയത്.

റെംഡസിവീർ കുട്ടികൾക്ക് നൽകരുതെന്നാണ് പ്രധാന നിർദേശങ്ങളിലൊന്ന്. മരുന്ന് 18 വയസിൽ താഴെയുള്ളവരിൽ ഫലപ്രദമാണെന്നതിന് തെളിവുകളൊന്നും ലഭിക്കാത്ത സാഹചര്യത്തിലാണ് നിർദേശം.

സ്റ്റിറോയിഡുകളുടെ ഉപയോഗം കാര്യമായ രോഗലക്ഷണങ്ങളില്ലാത്ത കുട്ടികളിൽ ആവശ്യമില്ലെന്നാണ് വിലയിരുത്തൽ. 12 വയസിന് മുകളിലുള്ള കുട്ടികൾ ആറ് മിനിറ്റ് നടന്നതിന് ശേഷം പൾസ് ഓക്സിമീറ്റർ ഉപയോഗിച്ച് രക്തത്തിലെ ഓക്സിജൻ അളവ് പരിശോധിക്കാനും നിർദേശിക്കുന്നു.

ഈ പരിശോധനയിൽ രക്തത്തിൽ ഓക്സിജന്റെ അളവിൽ മൂന്ന് മുതൽ അഞ്ച് ശതമാനത്തിന്റെ കുറവുണ്ടാവുകയോ, കുട്ടികൾക്ക് ശാരീരിക ബുദ്ധിമുട്ടുണ്ടാവുകയോ ചെയ്താൽ ആശുപത്രിയിൽ പ്രവേശിപ്പിക്കണം. രക്തത്തിൽ ഓക്സിജന്റെ അളവ് 94 ശതമാനത്തിലും താഴ്ന്നാലും ശ്രദ്ധിക്കണം. എന്നാൽ, ഗുരുതര ആസ്തമ രോഗമുള്ള കുട്ടികൾക്ക് ഇത്തരം ചികിത്സ രീതി നിർദേശിക്കുന്നില്ല.

ചെറിയ രോഗലക്ഷണമുള്ളവർക്ക് പാരസെറ്റാമോൾ ഡോക്റുടെ നിർദേശമനുസരിച്ച് നൽകാമെന്നും ഡയറക്ടർ ജനറൽ ഓഫ് ഹെൽത്ത് സർവീസ് പുറത്തിറക്കിയ മാർഗനിർദേശത്തിൽ പറയുന്നു. അവശ്യഘട്ടങ്ങളിൽ രോഗത്തിന്റെ തീവ്രത മനസിലാക്കാൻ ഹൈ റെസലൂഷൻ സി.ടി സ്‌കാനിങ് ഉപയോഗിക്കാമെന്നും കേന്ദ്രസർക്കാറിന്റെ മാർഗനിർദേശത്തിലുണ്ട്.

Exit mobile version