മഹാരാഷ്ട്രയില്‍ തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ എത്തി, മുംബൈയില്‍ കനത്തമഴയും വെള്ളക്കെട്ടും, റോഡുകള്‍ മുങ്ങി

മുംബൈ: മഹാരാഷ്ട്രയില്‍ അതിശക്തമായ മഴ. തെക്കുപടിഞ്ഞാന്‍ മണ്‍സൂണ്‍ എത്തിയതോടെ വെള്ളപ്പൊക്കഭീതിയിലായിരിക്കുകയാണ് മഹാരാഷ്ട്രയുടെ വിവിധ ഭാഗങ്ങളും മുംബൈ നഗരവും. കനത്ത മഴയില്‍ റോഡുകളില്‍ വെള്ളം കയറിയതോടെ ഗതാഗതം തടസ്സപ്പെട്ട അവസ്ഥയിലാണ്.

സംസ്ഥാനത്ത് പ്രവചിച്ചതിനും ഒരു ദിവസം മുമ്പാണ് മണ്‍സൂണ്‍ എത്തിയത്. മുംബൈയില്‍ മണ്‍സൂണ്‍ എത്തിയതായി കാലാവസ്ഥ നിരീക്ഷണ വിഭാഗം മുംബൈ മേധാവി ഡോ. ജയന്ത സര്‍ക്കാര്‍ അറിയിച്ചു. ജൂണ്‍ മൂന്നിന് കാലവര്‍ഷം കേരളത്തില്‍ എത്തിയിരുന്നു.

ഇവിടെ ജൂണ്‍ 10ന് എത്തുമെന്നായിരുന്നു നിഗമനമെന്നും എന്നാല്‍ ഒരുദിവസം മുമ്പ് മണ്‍സൂണ്‍ എത്തിയെന്നും അദ്ദേഹം പറഞ്ഞു. പ്രതീക്ഷിച്ചതിലും കനത്ത മഴയാണ് ഇവിടെ ലഭിക്കുന്നത്. കനത്ത മഴയില്‍ റോഡുകളും സബ്വേയും മുങ്ങുകയും ട്രെയിന്‍ -വാഹന ഗതാഗതം തടസപ്പെടുകയും ചെയ്തു.

മുംബൈ നഗരത്തിലും മഹാരാഷ്ട്രയിലെ വിവിധ ഭാഗങ്ങളിലും കനത്ത മഴയാണ് പെയ്തുകൊണ്ടിരിക്കുന്നത്. നിരവധി റോഡുകളില്‍ വെള്ളം നിറഞ്ഞതോടെ ബൈക്ക് യാത്രക്കാര്‍ക്ക് ഉള്‍പ്പെടെ യാത്ര ദുഷ്‌കരമായി. ലോക്കല്‍ ട്രെയിനുകള്‍ റദ്ദാക്കിയിട്ടുണ്ട്. മണ്‍സൂണ്‍ മഹാരാഷ്ട്രയിലെത്തിയതോടെ അടുത്ത 48 മണിക്കൂറിനുള്ളില്‍ തെലങ്കാന, ആന്ധ്ര പ്രദേശ്, ഒഡീഷ, ബംഗാള്‍ എന്നീ സംസ്ഥാനങ്ങളിലേക്ക് എത്തുമെന്നും ബന്ധപ്പെട്ടവര്‍ അറിയിച്ചു.

Exit mobile version