യുദ്ധവിമാനങ്ങള്‍ വ്യോമസേനയ്ക്ക് അത്യാവശ്യം; റാഫേല്‍ വിവാദം കരാര്‍ റദ്ദാക്കാന്‍ കാരണമാകരുത്; വിലവിവരം പുറത്തുവിടരുത്: വ്യോമസേന മേധാവി

റാഫേല്‍ ഇടപാട് വിവാദത്തില്‍ നിര്‍ണ്ണായക നിലപാടുമായി വ്യോമസേന മേധാവി എയര്‍ ചീഫ് മാര്‍ഷല്‍ ബ്രിന്ദര്‍ സിങ് ധനോവ.

ന്യൂഡല്‍ഹി: റാഫേല്‍ ഇടപാട് വിവാദത്തില്‍ നിര്‍ണ്ണായക നിലപാടുമായി വ്യോമസേന മേധാവി എയര്‍ ചീഫ് മാര്‍ഷല്‍ ബ്രിന്ദര്‍ സിങ് ധനോവ. വിവാദം കൊഴുക്കുന്നതിനിടെ ഇന്ത്യന്‍ വ്യോമസേനാ മേധാവി കേന്ദ്ര പ്രതിരോധമന്ത്രി നിര്‍മല സീതാരാമന് കത്തെഴുതുകയായിരുന്നു. നവംബര്‍ ആദ്യവാരത്തിലാണ് സംഭവം. രാഷ്ട്രീയ വിവാദങ്ങള്‍ കാരണം ഫ്രാന്‍സില്‍ നിന്ന് യുദ്ധവിമാനം വാങ്ങുന്നത് ഒഴിവാക്കരുതെന്നാണ് കത്തിലെ ആവശ്യം.

വ്യോമസേനയുടെ യുദ്ധവ്യൂഹത്തിന്റെ ശേഷിക്കുറവും എയര്‍ ചീഫ് മാര്‍ഷല്‍ കത്തില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. വടക്ക്, പടിഞ്ഞാറ് അതിര്‍ത്തികളില്‍ പ്രതിരോധം തീര്‍ക്കാന്‍ വ്യോമസേനക്ക് കുറഞ്ഞത് 42 യുദ്ധവിമാന വ്യൂഹം ആവശ്യമാണ്. 1416 സൈനികരുള്‍പ്പെടുന്നതാണ് ഓരോ വ്യൂഹവും. എന്നാല്‍ നിലവില്‍ 31 വ്യൂഹം മാത്രമാണുള്ളത്. വരും മാസങ്ങളില്‍ അതില്‍ നിന്ന് ചിലത് ഇനിയും കുറയുമെന്നും മേധാവി കത്തില്‍ ചൂണ്ടിക്കാട്ടുന്നു.

36 യുദ്ധ വിമാനങ്ങള്‍ വ്യോമസേനക്ക് അത്യാവശ്യമാണ്. അത് അനുവദിക്കുന്നതിലുണ്ടാകുന്ന അനിശ്ചിതത്വം സേനയുടെ കഴിവിനെ ബാധിക്കുമെന്നും അദ്ദേഹം പറയുന്നു. കൂടാതെ വിമാനത്തിന്റെ വില വിവരങ്ങള്‍ പുറത്തു വിടരുതെന്നും ധനോവ സര്‍ക്കാറിനെ ഉപദേശിക്കുന്നു.

Exit mobile version