ഓക്‌സിജൻ ആവശ്യമുള്ള രോഗികളെ കണ്ടെത്താൻ ഓക്‌സിജൻ നിർത്തിവെച്ച് ആശുപത്രിയുടെ ‘മോക്ഡ്രിൽ’; ശരീരം നീലനിറമായി മരിച്ച് വീണത് 22 രോഗികൾ; ആഗ്രയിലെ സ്വകാര്യ ആശുപത്രിയുടെ ക്രൂരതയിൽ ഞെട്ടൽ; യുപി സർക്കാർ അന്വേഷിക്കും

ആഗ്ര: കടുത്ത ഓക്‌സിജൻ ക്ഷാമം നരിട്ട സമയത്ത് രോഗികൾക്കുള്ള ഓക്‌സിജൻ സപ്ലൈ കട്ട് ചെയ്ത് മോക്ഡ്രിൽ നടത്തി യുപിയിലെ സ്വകാര്യ ആശുപത്രി കുരുതി കൊടുത്തത് 22ഓളം ജീവനുകൾ. ആഗ്രയിലെ പ്രശസ്തമായ സ്വകാര്യ ആശുപത്രിയിലാണ് അധികൃതരുടെ അനാസ്ഥ അരങ്ങേറിയത്. ഗുരുതരാവസ്ഥയിലായിരുന്ന കോവിഡ് ബാധിതരുൾപ്പെടെ 22 രോഗികളാണ് ഓക്‌സിജൻ മോക്ഡ്രില്ലിനെ തുടർന്ന് മരിച്ചതെന്ന് പറയുന്ന ആശുപത്രി ഉടമയുടെ വീഡിയോ പുറത്തെത്തിയതോടെയാണ് വിവരം പുറം ലോകമറിഞ്ഞത്.

അതേസമയം, സംഭാഷണത്തിന്റെ ഓഡിയോ പുറത്തായതോടെ ഉത്തർപ്രദേശ് ആരോഗ്യവകുപ്പ് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. ഏപ്രിൽ 26 ന് രാവിലെ അഞ്ച് മിനിറ്റ് നേരത്തേക്ക് ഓക്‌സിജൻ നൽകുന്നത് നിർത്തി വെച്ച് നടത്തിയ ‘പരീക്ഷണ’ത്തിലാണ് 22 രോഗികൾ മരിച്ചതെന്നാണ് ഉടമയുടെ വെളിപ്പെടുത്തൽ.

ചികിത്സാകേന്ദ്രത്തിൽ ഓക്‌സിജൻ ക്ഷാമം അനുഭവപ്പെട്ടതായും മോഡിനഗറിൽ എവിടെയും ഓക്‌സിജൻ ലഭ്യമാകാതിരുന്നതിനാലും ചികിത്സയിലുള്ള രോഗികളെ മറ്റേതെങ്കിലും ആശുപത്രികളിലേക്ക് മാറ്റാൻ ബന്ധുക്കളോട് ആവശ്യപ്പെട്ടിരുന്നെന്ന് പരാസ് ആശുപത്രി ഉടമ പറയുന്നു. എന്നാൽ രോഗികളെ മാറ്റാൻ ആരും തയ്യാറാവാത്തതിനെ തുടർന്ന് ഓക്‌സിജൻ ഏറ്റവും അത്യാവശ്യമുള്ള രോഗികൾക്ക് നൽകാമെന്ന് തീരുമാനിക്കുകയായിരുന്നു. അത് കണ്ടെത്താനായി കുറച്ച് സമയത്തേക്ക് ഓക്‌സിജൻ നൽകുന്നത് നിർത്തി വെക്കുകയായിരുന്നെന്ന് ആശുപത്രി ഉടമ അരിഞ്ജയ് ജയിൻ വീഡിയോയിൽ വിശദീകരിക്കുന്നു.

‘രാവിലെ ഏഴ് മണിക്ക് ഓക്‌സിജൻ നൽകുന്നത് നിർത്തി. 22 രോഗികൾക്ക് ശ്വാസതടസ്സം നേരിടുകയും അവരുടെ ശരീരം നീലനിറമാകുകയും ചെയ്തു. ഓക്‌സിജനില്ലെങ്കിൽ ഈ രോഗികളും മരിക്കുമെന്നുറപ്പായി. തീവ്രപരിചരണവിഭാഗത്തിൽ അവശേഷിച്ച 74 രോഗികളുടെ ബന്ധുക്കളോട് ഓക്‌സിജൻ സിലിണ്ടറെത്തിക്കാൻ ആവശ്യപ്പെടുകയും ചെയ്തു’- ഇതാണ് ആശുപത്രി ഉടമയുടെ വാക്കുകൾ.

ഗുരുതരരോഗികളെ കണ്ടെത്തി അവർക്ക് കൂടുതൽ പരിചരണം ലഭ്യമാക്കുന്നതിന് വേണ്ടിയാണ് മോക്ഡ്രിൽ നടത്തിയതെന്നും തന്റെ വാക്കുകൾ തെറ്റായി വ്യാഖ്യാനിക്കപ്പെടുകയായിരുന്നുവെന്നും വീഡിയോ വൻതോതിൽ പ്രചരിച്ചതിനെ തുടർന്ന് അരിഞ്ജയ് ജെയിൻ വിശദീകരണവുമായെത്തുകയും ചെയ്തു. നാല് കോവിഡ് രോഗികൾ ഏപ്രിൽ 26 ന് മരിക്കുകയും മൂന്ന് പേർ അടുത്ത ദിവസം മരിക്കുകയും ചെയ്‌തെന്നാണ് ജെയിനിന്റെ വാക്കുകൾ. മരിച്ചവരുടെ എണ്ണം കൃത്യമായി അറിയില്ലെന്നും അദ്ദേഹം പറയുന്നുണ്ട്. അതുകൊണ്ട് തന്നെ മരിച്ച രോഗികളുടെ എണ്ണത്തെ സംബന്ധിച്ചും ഗുരുതരാവസ്ഥയിലായവരെ കുറിച്ചും കൂടുതൽ അന്വേഷണം വേണ്ടി വരും.

അതേസമയം, ഓക്‌സിജൻ നിർത്തലാക്കി നടത്തിയ പരീക്ഷണം മനുഷ്യത്വരഹിതമാണെന്ന് പ്രതികരിച്ചു നിരവധി പേർ രംഗത്തെത്തി. സംഭവത്തിൽ അന്വേഷണത്തിനായി കമ്മിറ്റിയെ നിയോഗിച്ചതായി ആഗ്ര ചീഫ് മെഡിക്കൽ ഓഫീസർ ഡോക്ടർ ആർ സി പാണ്ഡെ അറിയിച്ചു. തങ്ങൾക്ക് ഇത് സംബന്ധിച്ച് പരാതി ലഭിച്ചിട്ടില്ലെന്നും റിപ്പോർട്ട് ലഭിച്ചാൽ ആവശ്യമായ നടപടി സ്വീകരിക്കുമെന്നുമാണ് പോലീസിന്റെ പ്രതികരണം.

Exit mobile version