ലൈംഗികന്യൂനപക്ഷങ്ങളെപ്പറ്റിയുള്ള പഠനങ്ങള്‍ ഉള്‍പ്പെടുത്തി സിലബസ് പരിഷ്‌കരിക്കാന്‍ സ്‌കൂളുകള്‍ക്ക് നിര്‍ദേശം നല്‍കി മദ്രാസ് ഹൈക്കോടതി : ലൈംഗികച്ചായ്‌വുകള്‍ ‘ചികിത്സിച്ച് ‘ മാറ്റേണ്ട കാര്യമല്ലെന്നും കോടതി

lgbtq+ | Bignewslive

ചെന്നൈ : ലൈംഗികന്യൂനപക്ഷങ്ങളെപ്പറ്റിയുള്ള പഠനങ്ങള്‍ ഉള്‍പ്പെടുത്തി സിലബസ് പരിഷ്‌കരിക്കാന്‍ സ്‌കൂളുകള്‍ക്കും യൂണിവേഴ്‌സിറ്റികള്‍ക്കും നിര്‍ദേശം നല്‍കി മദ്രാസ് ഹൈക്കോടതി. എല്‍ജിബിടിക്യൂ+ വിഭാഗക്കാരെ സമൂഹത്തിന്റെ മുന്‍നിരയിലേക്ക് കൊണ്ട് വരേണ്ടതിന്റെ ആവശ്യകതയെപ്പറ്റി കുട്ടികളെ ചെറുപ്രായത്തിലേ ബോധവാന്മാരാക്കുകയാണ് ഉദ്ദേശം.

സ്വവര്‍ഗപ്രണയം, ഉഭയവര്‍ഗപ്രണയം, ഭിന്നലിംഗത്വം, മിശ്രലിംഗത്വം, അലൈംഗികത എന്നിവ രോഗങ്ങളല്ലെന്ന് എടുത്തുപറഞ്ഞ കോടതി ഇവയ്‌ക്കെന്ന പേരിലുള്ള ചികിത്സാരീതികളും നിരോധിച്ചു. ബന്ധുക്കളില്‍ നിന്ന് സംരക്ഷണം വേണമെന്നാവശ്യപ്പെട്ട് സ്വവര്‍ഗപ്രണയികളായ രണ്ട് പേര്‍ നല്‍കിയ ഹര്‍ജിയില്‍ തീര്‍പ്പ് കല്‍പ്പിക്കുന്നതിനിടയ്ക്കായിരുന്നു കോടതിയുടെ ഉത്തരവ്.

കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും ഈ വിഷയത്തില്‍ പ്രത്യേകം ക്‌ളാസുകള്‍ ഏര്‍പ്പെടുത്തണമെന്നും എല്‍ജിബിടിക്യൂ+ വിഭാഗങ്ങളില്‍ നിന്നുള്ള കുട്ടികള്‍ക്കായി ജെന്‍ഡര്‍-ന്യൂട്ട്രല്‍ ടോയ്‌ലെറ്റുകള്‍ സ്ഥാപിക്കണമെന്നും ഫോമുകളില്‍ ജെന്‍ഡര്‍ കോളങ്ങള്‍ വിപുലപ്പെടുത്തണമെന്നും സ്‌കൂളുകളോട് കോടതി നിര്‍ദേശിച്ചു. ഈ വിഭാഗങ്ങളില്‍ നിന്നുള്ളവരെ അക്കാഡമിക്ക് കൗണ്‍സിലര്‍മാരായി നിയമിക്കണമെന്നും നിര്‍ദേശമുണ്ട്. ജസ്റ്റിസ് എന്‍ ആനന്ദ് വെങ്കിടേഷ് അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.

എല്‍ജിബിടിക്യൂ+ സമൂഹത്തെ പറ്റി പഠിക്കുകയും സമൂഹത്തിലെ അംഗങ്ങളോട് വ്യക്തിപരമായി ഇടപെഴുകി അവരുടെ പ്രശ്‌നങ്ങള്‍ ആരായുകയും ചെയ്ത ജഡ്ജി മനശാസ്ത്രപരമായ കൗണ്‍സിലിംഗ് സ്വീകരിക്കുകയും ചെയ്തിരുന്നു. കേസ് പരിഗണിക്കുന്ന വേളയില്‍ സ്വവര്‍ഗപ്രണയത്തെക്കുറിച്ച് തനിക്കുണ്ടായിരുന്ന തെറ്റിദ്ധാരണകളെക്കുറിച്ച് ജഡ്ജി തുറന്നടിച്ചു. അറിവില്ലായ്മ ഒരാളെയും മാറ്റിനിര്‍ത്താനുള്ള കാരണമല്ലെന്നും കേസ് പരിഗണിക്കവേ കോടതി പറഞ്ഞു.

പോലീസിനും മറ്റ് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും എല്‍ജിബിടിക്യൂ+ വിഭാഗത്തെപ്പറ്റി ബോധവത്കരണം നടത്തണമെന്നും കോടതി മാര്‍ഗനിര്‍ദേശത്തില്‍ പറഞ്ഞു.

മറ്റ് മാര്‍ഗനിര്‍ദേശങ്ങള്‍ :

പരസ്പരസമ്മതമുള്ള പ്രായപൂര്‍ത്തിയായ എല്‍ജിബിടിക്യൂ+ വ്യക്തികള്‍ ഉള്‍പ്പെട്ട മാന്‍മിസ്സിങ് കേസുകളില്‍ അവരെ പോലീസ് ഹരാസ്‌മെന്റിന് വിധേയമാക്കാതെ കേസ് പൂര്‍ത്തീകരിക്കേണ്ടതാണ്.

സാമൂഹിക നീതി മന്ത്രാലയം എല്‍ജിബിടിക്യൂ+ സമൂഹത്തെപ്പറ്റി വ്യക്തമായ അറിവും അവരുടെ പ്രശ്‌നങ്ങളെക്കുറിച്ച് അനുഭവവുമുളള എന്‍ജിഒകളുടെ പേരും അഡ്രസും കോണ്‍ടാക്ട് ലിസ്റ്റും ഔദ്യോഗിക വെബ്‌സൈറ്റില്‍ എട്ടാഴ്ചയ്ക്കുള്ളില്‍ പ്രസിദ്ധീകരിക്കേണ്ടതാണ്.

എല്‍ജിബിടിക്യൂ+ സമൂഹത്തിലെ ആര്‍ക്കെങ്കിലും എന്തെങ്കിലും പ്രശ്‌നങ്ങള്‍ നേരിടേണ്ടതായി വന്നാല്‍ സുരക്ഷയ്ക്കും അവകാശസംരക്ഷണത്തിനുമായി ഈ എന്‍ജിഒകളെ സമീപിക്കാം.

എന്‍ജിഒകള്‍ അംഗങ്ങളുടെ കോണ്‍ഫിഡന്‍ഷ്യല്‍ വിവരങ്ങള്‍ റെക്കോര്‍ഡുകള്‍ ആയി സൂക്ഷിക്കുകയും വാര്‍ഷിക നീതി മന്ത്രാലയത്തിന് വര്‍ഷാടിസ്ഥാനത്തില്‍ കൈമാറുകയും ചെയ്യേണ്ടതാണ്.

എല്‍ജിബിടിക്യൂ+ സമൂഹത്തിനെതിരെയുള്ള പ്രശ്‌നങ്ങളെല്ലാം ഓരോ കേസിനും യോജിച്ച് മാര്‍ഗത്തിലൂടെ ധനപരമായോ,നിയമപരമായോ,കൗണ്‍സിലിങ് അടിസ്ഥാനത്തിലോ ലീഗല്‍ സര്‍വീസ് അതോറിറ്റിയുടെ സഹായത്തോടെ സര്‍ക്കാര്‍ പരിഹാരം കണ്ടെത്തണം.

അംഗനവാടികളിലും മറ്റ് ഷെല്‍ട്ടര്‍ ഹോമുകളിലും എല്‍ജിബിടിക്യൂ+ സമൂഹത്തിലെ അംഗങ്ങള്‍ക്കായി താമസസൗകര്യം ഏര്‍പ്പെടുത്തുകയും സാമൂഹിക നീതി മന്ത്രാലയം പന്ത്രണ്ട് ആഴ്ചയ്ക്കുള്ളില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുകയും ചെയ്യണം.

എല്‍ജിബിടിക്യൂ+ സമൂഹത്തെ മുഖ്യധാരയില്‍ എത്തിക്കാനും അവര്‍ക്കെതിരെ സമൂഹത്തില്‍ നിലനില്‍ക്കുന്ന തെറ്റിദ്ധാരണകള്‍ ഇല്ലാതാക്കാനും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ നയങ്ങള്‍ കൊണ്ടുവരണം.

Exit mobile version