കേന്ദ്ര നേതൃത്വത്തിന് തന്നിൽ വിശ്വാസമുള്ള ദിവസം വരെ മുഖ്യമന്ത്രിയായി തുടരും; ആവശ്യപ്പെടുന്ന ദിവസം രാജി: യെദ്യൂരപ്പ

ബംഗളൂരു: കർണാടകയുടെ മുഖ്യമന്ത്രിസ്ഥാനം കേന്ദ്രനേതൃത്വം ആവശ്യപ്പെടുന്ന ദിവസം രാജിവെയ്ക്കുമെന്ന് ബിഎസ് യെദ്യൂരപ്പ. മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് ഒഴിവാക്കിയേക്കുമെന്ന വാർത്തകൾക്കിടെ വിഷയത്തിൽ ഇതാദ്യമായാണ് യെദ്യൂരപ്പ പ്രതികരിക്കുന്നത്. ബിജെപി കേന്ദ്ര നേതൃത്വം ആവശ്യപ്പെടുന്ന ദിവസം മുഖ്യമന്ത്രിപദത്തിൽനിന്ന് രാജിവെക്കുമെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാന ബിജെപിയിലെ എതിർപക്ഷമാണ് യെദ്യൂരപ്പയ്ക്ക് നേരെ തിരിഞ്ഞിരിക്കുന്നത്.

ഡൽഹിയിലെ നേതൃത്വത്തിന് തന്നിൽ വിശ്വാസമുള്ള ദിവസം വരെ മുഖ്യമന്ത്രിയായി തുടരുമെന്ന് യെദ്യൂരപ്പ പറഞ്ഞു. സ്ഥാനമൊഴിയാൻ ആവശ്യപ്പെടുന്ന ദിവസം രാജിവെക്കും. തന്റെ നിലപാട് വ്യക്തമാണ്. കേന്ദ്രനേതൃത്വം എനിക്കൊരു അവസരം തന്നു. കഴിവിന്റെ പരമാവധി പ്രയോജനപ്പെടുത്താൻ ശ്രമിക്കുകയാണ്. ബാക്കിയൊക്കെ കേന്ദ്രനേതൃത്വത്തിന്റെ പക്കലാണ് മുഖ്യമന്ത്രിസ്ഥാനത്തുനിന്ന് നീക്കുമോ എന്ന ചോദ്യത്തിന് മറുപടിയായി യെദ്യൂരപ്പ വ്യക്തമാക്കി.

അതേസമയം, ബിജെപി ദേശീയ അധ്യക്ഷൻ ജെപി നഡ്ഡയുമായി യെദ്യൂരപ്പയും മകൻ ബിവൈ വിജയേന്ദ്രയും കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് യെദ്യൂരപ്പ നിലപാട് വ്യക്തമാക്കിയത്. യെദ്യൂരപ്പ കാലാവധി പൂർത്തിയാക്കുമെന്ന് ബിജെപി ദേശീയ സെക്രട്ടറി സിടി രവി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

Exit mobile version