മുഖം രക്ഷിക്കാൻ ബിജെപി; ഇ ശ്രീധരനെ ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റർ ആക്കിയേക്കും; അമിത് ഷായ്ക്ക് മുന്നിൽ നിർദേശങ്ങളുമായി ലക്ഷദ്വീപ് ഘടകം

ന്യൂഡൽഹി: ലക്ഷദ്വീപ് ജനത പുതിയ അഡ്മിനിസ്‌ട്രേറ്ററുടെ നടപടികളിൽ വീർപ്പുമുട്ടി പ്രതിഷേധം ആരംഭിച്ചതോടെ മുഖം നഷ്ടപ്പെട്ട ബിജെപി തൽക്കാലം വിഷയത്തിന് പരിഹാരമുണ്ടാക്കാനായി അഡ്മിനിസ്‌ട്രേറ്ററെ മാറ്റിയേക്കും. മെട്രോമാൻ ഇ ശ്രീധരനെ അഡ്മിനിസ്‌ട്രേറ്ററാക്കി നിയമിക്കണമെന്നാണ് ബിജെപി ലക്ഷദ്വീപ് ഘടകം ആവശ്യം ഉന്നയിച്ചിരിക്കുന്നത്.

പ്രഫുൽ കെ പട്ടേലിനെ മാറ്റി ഇ ശ്രീധരനെ ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്ററാക്കാനാണ് കേന്ദ്രസർക്കാരും നിലവിൽ നീക്കം നടത്തുന്നത്. ലക്ഷദ്വീപ് വിഷയത്തിൽ പ്രഫുൽ പട്ടേൽ പാർട്ടിക്ക് ചീത്തപ്പേരുണ്ടാക്കിയെന്ന വിലയിരുത്തലിലാണ് ബിജെപി നേതാക്കൾ. അതുകൊണ്ടുതന്നെ മുഖം രക്ഷിക്കാൻ ഏതുവഴിയും സ്വീകരിക്കാൻ ഒരുക്കവുമാണ് നേതൃത്വം. ഈ സാഹചര്യത്തിലാണ് ഒരു വിഭാഗം നേതാക്കൾ ഇ ശ്രീധരനെ ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്ററാക്കാനായി അഭ്യർത്ഥനയുമായി രംഗത്തെത്തിയിരിക്കുന്നത്.

ലക്ഷദ്വീപ് ബിജെപി പ്രസിഡന്റ് അബ്ദുൾ ഖാദറും, വൈസ് പ്രസിഡന്റ് കെഎൻ ഖാസ്മി കോയയും ഈ ആവശ്യമുന്നയിച്ച് ദേശീയ നേതൃത്വത്തെ സമീപിച്ചതായാണ് ദ ക്യൂ റിപ്പോർട്ട് ചെയ്യുന്നത്. ലക്ഷദ്വീപിൽ ബിജെപിയുടെ സംഘടനാ പ്രവർത്തനം ശക്തിപ്പെടുകയാണെന്നും എന്നാൽ പ്രഫുൽ പട്ടേൽ നടപ്പാക്കുന്ന ഏകപക്ഷീയമായ നടപടികൾ ദ്വീപ് ജനതയെ ബിജെപിക്കും കേന്ദ്രസർക്കാരിനും എതിരെയാക്കിയെന്നുമാണ് ദ്വീപ് പാർട്ടി നേതൃത്വം ദേശീയ അധ്യക്ഷൻ ജെപി നദ്ദയെയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായെയും അറിയിച്ചിരിക്കുന്നത്.

ഇക്കാര്യത്തിൽ ലക്ഷദ്വീപിന്റെ സംഘടനാ ചുമതലയുള്ള ബിജെപി ദേശീയ വൈസ് പ്രസിഡന്റ് എപി അബ്ദുള്ളക്കുട്ടിയെ അഭിപ്രായം അറിയിച്ചതായും പാർട്ടി കേന്ദ്രങ്ങൾ പറയുന്നു. കോൺഗ്രസ് പോഷക സംഘടനയിൽ ദേശീയതലത്തിൽ പ്രവർത്തിച്ചവർ ഉൾപ്പെടെ ബിജെപിയിലേക്ക് വരാൻ സന്നദ്ധത പ്രകടിപ്പിച്ച സാഹചര്യമുണ്ടായിരുന്നു ദ്വീപിൽ. ഇതിന്റെ ഭാഗമായി 150 പേരെവെച്ച് ലക്ഷദ്വീപിൽ ബിജെപിയുടെ മെമ്പർഷിപ്പ് ക്യാമ്പയിൻ നടത്താനിരിക്കുന്നതിനിടെയാണ് അഡ്മിനിസ്‌ട്രേറ്റർ പ്രഫുൽ ഖോഡ പട്ടേലുമായി ബന്ധപ്പെട്ട വിവാദങ്ങൾ ഉണ്ടാകുന്നത്. ഈ പ്രശ്‌നങ്ങൾ പാർട്ടിയെ ദോഷമായി ബാധിച്ചുവെന്ന് നേതൃത്വം വിലയിരുത്തിയെന്നാണ് പാർട്ടി വൃത്തങ്ങൾ നൽകുന്ന സൂചന.

Exit mobile version