ഈ മേന്മ പറച്ചിലുകള്‍ വെറും പൊങ്ങച്ചം മാത്രം; കൊവിഡ് കവര്‍ന്ന വിദ്യാര്‍ത്ഥിയുടെ വിയോഗത്തില്‍ നെഞ്ചുനീറി പ്രിന്‍സിപ്പല്‍, കൊവിഡ് പ്രതിരോധത്തില്‍ സര്‍ക്കാര്‍ ഒരു പരാജയം

St Stephen’s principal | Bignewslive

ന്യൂഡല്‍ഹി: കൊവിഡ് പ്രതിരോധത്തിനായി എല്ലാ മുന്നൊരുക്കങ്ങളും നടത്തിയെന്ന സര്‍ക്കാര്‍ വാദത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി ഡല്‍ഹി സെന്റ് സ്റ്റീഫന്‍സ് കോളേജ് പ്രിന്‍സിപ്പല്‍ ജോണ്‍ വര്‍ഗീസ്. കോളേജ് വെബ്‌സൈറ്റിലാണ് സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയത്. തങ്ങളുടെ കോളേജിലെ അതിസമര്‍ത്ഥനായ വിദ്യാര്‍ത്ഥി കൊവിഡ് ബാധിച്ച് മരിച്ചതിലുള്ള സങ്കടവും ദേഷ്യത്തിലുമാണ് അദ്ദേഹം സര്‍ക്കാരിനെതിരെ രംഗത്തെത്തിയത്.

‘പ്രതിരോധത്തിനായി എല്ലാ മുന്നൊരുക്കങ്ങളും നടത്തിയെന്ന അവകാശവാദം, ലോകത്തിലെ ഏറ്റവും വലിയ വാക്സിന്‍ ഉത്പാദക രാജ്യങ്ങളിലൊന്നെന്ന ഖ്യാതി, മൂല്യങ്ങള്‍ക്ക് ജീവിതത്തില്‍ പ്രമുഖസ്ഥാനം നല്‍കുന്ന ഒരു സംസ്‌കാരമെന്ന് കീര്‍ത്തി- ഇവയൊക്കെ വെറും പൊള്ളത്തരങ്ങള്‍ മാത്രമാണെന്ന് തുറന്നു കാട്ടി മഹാമാരിയുടെ രണ്ടാം തരംഗം അനുകമ്പയില്ലാതെ രാജ്യമൊട്ടാകെ അലയടിക്കുകയാണ്. ഉയിരുകള്‍ ഇല്ലാതാകുമ്പോള്‍ ഇവയ്ക്ക് എന്താണ് പ്രസക്തി? വെറുമൊരു നിശ്വാസത്തിന്റെ തുമ്പത്തിരിക്കുന്ന ഈ മേന്മകളെല്ലാം വെറും പൊങ്ങച്ചങ്ങള്‍ മാത്രമാണെന്ന് അദ്ദേഹം തുറന്നെഴുതി.

‘സാധാരണ ജനങ്ങളുടെ ദുരിതവും മരണവും ഒരു തരത്തിലും ഏശാത്ത, എല്ലാം കണ്ണടച്ചിരുട്ടാക്കുന്ന നേതാക്കളുടെ പൊള്ളയായ വാദങ്ങള്‍ നമ്മെ കൂടുതല്‍ അപകടത്തിലേക്ക് ഗതി മാറ്റുകയാണ് ചെയ്യുന്നത്.’ കോവിഡ് വിഷയം കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാര്‍ ഒരു പരാജയമാണെന്നും ജോണ്‍ വര്‍ഗീസ് കുറ്റപ്പെടുത്തി. മേയ് 25-നാണ് പത്തൊമ്പതുകാരനായ സത്യം ഝാ എന്ന കോളേജിന് പ്രിയപ്പെട്ട വിദ്യാര്‍ത്ഥി കൊവിഡ് ബാധയെ തുടര്‍ന്ന് മരണത്തിന് കീഴടങ്ങിയത്.

ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥിയായ സത്യം കോളേജ് ഡിബേറ്റിങ് സൊസൈറ്റിയിലെ അംഗമായിരുന്നു. ഹിസ്റ്ററി ഡിപാര്‍ട്ട്മെന്റ് പുറത്തിറക്കുന്ന താരിഖ് എന്ന ജോണലിന്റെ എഡിറ്റര്‍ കൂടിയായിരുന്നു സത്യം. കോളേജിലെ ഗാന്ധി-അംബേദ്കര്‍ സ്റ്റഡി സര്‍ക്കിളിന്റെ കൗണ്‍സില്‍ അംഗമായിരുന്നു, കൂടാതെ എസ്എഫ്ഐ ഓര്‍ഗനൈസിങ് കമ്മിറ്റിയുടെ ഭാഗവുമായിരുന്നു, എന്നാല്‍, കോവിഡ് മൂലം കോളേജുകള്‍ അടച്ചിട്ടിരിക്കുന്നതിനാല്‍ ഒരു ദിവസം പോലും താന്‍ ചേര്‍ന്ന കോളേജില്‍ നേരിട്ടെത്തി ക്ലാസിലിരിക്കാന്‍ സത്യത്തിന് സാധിച്ചിരുന്നില്ല.

തന്റെ മൂത്ത സഹോദരനായ ശുഭം മെഡിക്കല്‍ പഠനപ്രവേശനത്തിനായി തയ്യാറെടുക്കുന്നതിനാല്‍ രാജസ്ഥാനിലെ കോട്ടയില്‍ നിന്നാണ് സത്യം ക്ലാസുകള്‍ അറ്റന്‍ഡ് ചെയ്തിരുന്നത്. കോട്ടയിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലായിരുന്നു ആദ്യം ചികിത്സയിലെങ്കിലും പിന്നീട് ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് സത്യത്തിനെ സ്വകാര്യ ആശുപത്രിയിലേക്ക് വിദഗ്ധ ചികിത്സക്കായി മാറ്റി. ഓക്സിജന്‍ നിരക്ക് കുറഞ്ഞതിനെ തുടര്‍ന്ന് സത്യം ഒടുവില്‍ മരണത്തിന് കീഴടങ്ങുകയയിരുന്നു. ഇതോടെയാണ് പ്രിന്‍സിപ്പലും രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയത്.

Exit mobile version