‘മരണങ്ങൾ ബോധപൂർവമല്ലാതെ റിപ്പോർട്ട് ചെയ്യാൻ വൈകിയിട്ടുണ്ടാകാം’; ഇന്ത്യയിൽ 40 ലക്ഷം കോവിഡ് മരണമെന്ന ന്യൂയോർക്ക് ടൈംസ് വാർത്ത തള്ളി കേന്ദ്രം

covid-vk-paul

ന്യൂഡൽഹി: ഇന്ത്യയിലെ കോവിഡ് മരണങ്ങൾ മൂന്ന് ലക്ഷമല്ല 40 ലക്ഷമായിരിക്കാമെന്ന ന്യൂയോർക്ക് ടൈംസിന്റെ റിപ്പോർട്ട് തള്ളി കേന്ദ്ര സർക്കാർ. റിപ്പോർട്ട് തെളിവുകളുടെ അടിസ്ഥാനത്തിൽ തയ്യാറാക്കിയതല്ലെന്നും അഭ്യൂഹങ്ങൾ മാത്രമാണെന്നും കേന്ദ്ര സർക്കാർ അറിയിച്ചു. രാജ്യത്തെ കോവിഡ് ടാസ്‌ക് ഫോഴ്‌സിന്റെ തലവനും നീതി ആയോഗ് അംഗവുമായ ഡോ. വികെ പോൾ ആണ് ഇക്കാര്യത്തിൽ പ്രതികരണം നടത്തിയത്.

പ്രശസ്ത മാധ്യമം ഇത്തരത്തിലൊരു റിപ്പോർട്ട് പ്രസിദ്ധീകരിക്കാൻ പാടില്ലായിരുന്നെന്ന് പറഞ്ഞ അദ്ദേഹം കോവിഡ് ബാധിച്ചവരുടെ എണ്ണം പരിശോധനയിൽ പോസിറ്റീവ് ആയവരെക്കാൾ വളരെ കൂടുതലാവാം എന്നും തുറന്ന് സമ്മതിച്ചു. പക്ഷെ, മരണങ്ങളുടെ കാര്യം അങ്ങനെയല്ല. മരണങ്ങൾ റിപ്പോർട്ടു ചെയ്യപ്പെടാൻ വൈകിയിട്ടുണ്ടായേക്കാം, എന്നാൽ കേന്ദ്ര സംസ്ഥാന സർക്കാരുകൾ ബോധപൂർവം വൈകിച്ചതല്ല അതൊന്നുമെന്ന് അദ്ദേഹം വിശദീകരിച്ചു. ന്യൂയോർക്ക് ടൈംസിന്റെ റിപ്പോർട്ട് അടിസ്ഥാന രഹിതമാണ്. അഞ്ചുപേർ പരസ്പരം ഫോണിൽ സംസാരിച്ച് തയ്യാറാക്കിയ റിപ്പോർട്ടാണ് അതെന്നും ഡോ. വികെ പോൾ ആരോപിച്ചു.

രാജ്യത്തെ കോവിഡ് മരണങ്ങൾ ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെട്ട മൂന്ന് ലക്ഷത്തെക്കാൾ മൂന്നിരട്ടിയോളം അധികമാണെന്ന് ആരോപിച്ചാണ് കഴിഞ്ഞദിവസം ന്യൂയോർക്ക് ടൈംസ് ലേഖനം പ്രസിദ്ധീകരിച്ചത്. സിറോ സർവെ ഫലങ്ങളുടെയും ആന്റീബോഡി ടെസ്റ്റ് ഫലങ്ങളെയും അടിസ്ഥാനപ്പെടുത്തി ആയിരുന്നു ലേഖനം. 42 ലക്ഷം വരെ മരണങ്ങൾ രാജ്യത്ത് നടത്തിട്ടുണ്ടാകാം എന്നായിരുന്നു ലേഖനത്തിൽ പറഞ്ഞിരുന്നത്.

രാജ്യത്തെ ബാധിച്ച മഹാമാരിയുടെ വ്യാപ്തി കുറച്ചുകാട്ടുന്ന തരത്തിലുള്ളതാണ് ഔദ്യോഗിക കണക്കുകളെന്നും ഗ്രാമീണ മേഖലകളിലെ കോവിഡ് രോഗബാധിതരുടെ എണ്ണം കണക്കാക്കുന്നില്ലെന്നുമായിരുന്നു ലേഖനം കുറ്റപ്പെടുത്തിയിരുന്നത്. വാർത്ത വിവദമായതോടെയാണ് വിഷയത്തിൽ നീതി ആയോഗ് വിശദീകരണവുമായി രംഗത്തെത്തിയത്.

രണക്കണക്കുകൾ ശേഖരിക്കാൻ ശക്തമായ സംവിധാനമാണ് നിലവിലുള്ളത്. പ്രശസ്ത മാധ്യമം അത്തരത്തിൽ ഒരു റിപ്പോർട്ട് പ്രസിദ്ധീകരിക്കാൻ പാടില്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

Exit mobile version