ചെന്നൈയില്‍ ‘കത്തിരി വെയില്‍’ : പല സ്ഥലങ്ങളിലും ഭൂഗര്‍ഭ ജലനിരപ്പ് കുറയുന്നു

Kathiri veyil | Bignewslive

ചെന്നൈ : വേനല്‍ കടുത്തതോടെ ചെന്നൈ നഗരത്തിലെ ഭൂഗര്‍ഭ ജലനിരപ്പില്‍ നേരിയ കുറവ്. കോര്‍പ്പറേഷന്റെ 15 സോണുകളില്‍ എട്ടിലും ഭൂഗര്‍ഭ ജലം കുറഞ്ഞുതുടങ്ങി. മേയില്‍ കത്തിരി വെയില്‍ ആരംഭിച്ചതിനെത്തുടര്‍ന്നുള്ള വേനല്‍ മൂലമാണ് ജലത്തിന്റെ അളവ് കുറഞ്ഞ് തുടങ്ങിയത്.

നഗരത്തിന്റെ പതിനഞ്ച് സോണുകളിലായി ചെന്നൈ മെട്രോപൊലിറ്റന്‍ വാട്ടര്‍ സപ്‌ളൈ ആന്‍ഡ് സൂവിജ് ബോര്‍ഡ് (മെട്രോ വാട്ടര്‍) സ്ഥാപിച്ചിരിക്കുന്ന ഡിജിറ്റല്‍ റിക്കോര്‍ഡറുകളിലാണ് വെള്ളത്തിന്റെ അളവ് രേഖപ്പെടുത്തുന്നത്. രാവിലെയും വൈകിട്ടുമായാണ് ജലത്തിന്റെ തോത് പരിശോധിക്കുന്നത്. തിരുവൊട്ടിയൂര്‍, മാധവാരം, തൊണ്ടയാര്‍പെട്ട്, അമ്പത്തൂര്‍, അണ്ണാ നഗര്‍, അഡയാര്‍,പെരുങ്കുടി, ഷോലിംഗനല്ലൂര്‍ എന്നിവിടങ്ങളിലാണ് കുറവ് രേഖപ്പെടുത്തിയത്. ഭൂഗര്‍ഭ ജലം എടുക്കുന്നത് ഗണ്യമായി വര്‍ധിച്ചതാണ് അളവ് കുറയാന്‍ കാരണമെന്ന് അധകൃതര്‍ പറഞ്ഞു.

നഗരത്തിലെ പുതിയ കോളനികളിലെ താമസക്കാര്‍ക്ക് മെട്രോ വാട്ടര്‍ കണക്ഷന്‍ ലഭിക്കാത്തതിനാല്‍ ഭൂഗര്‍ഭ ജലത്തെ കൂടുതല്‍ ആശ്രയിക്കുന്നതും കുറവിന് കാരണമായി സൂചിപ്പിച്ചു. നഗരത്തിന്റെ ചില ഭാഗങ്ങളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ മഴ പെയ്‌തെങ്കിലും കാര്യമായി പ്രതിഫലിച്ചിട്ടില്ല. മഴക്കാലം ആരംഭിക്കാന്‍ ഇനിയും മാസങ്ങള്‍ ഉണ്ടെന്നതിനാല്‍ ഭൂഗര്‍ഭ ജലത്തിന്റെ ഉപയോഗം വരും ദിവസങ്ങളിലും വര്‍ധിക്കാനാണ് സാധ്യത. ഒക്ടോബര്‍ ആദ്യത്തോടെയാണ് നഗരത്തില്‍ മഴ ലഭിച്ച് തുടങ്ങുക.

അതേസമയം കഴിഞ്ഞ വര്‍ഷം ആവശ്യത്തിന് മഴ ലഭിച്ചതിനാല്‍ നഗരത്തില്‍ ഇത്തവണ വരള്‍ച്ച ഉണ്ടാവില്ലെന്നും ആവശ്യത്തിനുള്ള വെള്ളം സംഭരണികളില്‍ ലഭ്യമാണെന്നും മെട്രോ വാട്ടര്‍ അധികൃതര്‍ നേരത്തേ സൂചിപ്പിച്ചിരുന്നു.

Exit mobile version