വളര്‍ത്തുനായയെ ഹൈഡ്രജന്‍ ബലൂണില്‍ കെട്ടി പറപ്പിച്ചു; ആര്‍പ്പുവിളിച്ച് ആസ്വദിച്ച് യൂട്യൂബറും അമ്മയും, അറസ്റ്റ്

Delhi YouTuber | Bignewslive

ന്യൂഡല്‍ഹി: വളര്‍ത്തുനായയെ ഹൈഡ്രജന്‍ ബലൂണില്‍ കെട്ടി പറപ്പിച്ച് യൂട്യൂബറും അമ്മയും. വീഡിയോ വൈറലായതോടെ യൂട്യൂബറെ പോലീസ് അറസ്റ്റ് ചെയ്തു. യൂട്യൂബറുടെ അമ്മയ്‌ക്കെതിരെയും പോലീസ് കേസെടുത്തിട്ടുണ്ട്. ഗൗരവ്‌സോണ്‍ എന്ന യൂട്യൂബ് ചാനലിന്റെ ഉടമയായ ഗൗരവ് ജോണിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

യൂട്യൂബില്‍ 40 ലക്ഷം സബ്‌സ്‌ക്രൈബേഴ്‌സുള്ള ചാനലാണ് ഗൗരവ് സോണ്‍. വളര്‍ത്തുനായയെ ഹൈഡ്രജന്‍ ബലൂണുകളില്‍ കെട്ടി പറപ്പിക്കുന്നതിന്റെ വീഡിയോ അടുത്തിടെയാണ് ഗൗരവ് ചാനലിലൂടെ പുറത്തുവിട്ടത്. നായ ബലൂണുകള്‍ക്കൊപ്പം പറന്നുയരുന്നതും ഇത് കണ്ട് ഗൗരവും കൂടെയുണ്ടായിരുന്ന അമ്മയും ആര്‍പ്പുവിളിക്കുന്നതും വീഡിയോയില്‍ കാണാം.

ഈ വീഡിയോ വൈറലായതോടെ നായയെ ഇരയാക്കിയതില്‍ വന്‍ തോതിലാണ് വിമര്‍ശനം ഉയര്‍ന്നത്. മൃഗസംരക്ഷണ സംഘടനകളും പ്രതിഷേധവുമായി രംഗത്തെത്തി. തുടര്‍ന്ന് ഇവരുടെ പരാതി പ്രകാരം വീഡിയോ യൂട്യൂബ് നീക്കം ചെയ്യുകയും ചെയ്തു. ഗൗരവിനെതിരേ പീപ്പിള്‍ ഫോര്‍ ആനിമല്‍ എന്ന സംഘടന ഡല്‍ഹി മാല്‍വിയനഗര്‍ പോലീസ് സ്റ്റേഷനില്‍ പരാതിയും നല്‍കി. ഈ പരാതിയിലാണ് പോലീസ് കേസെടുത്തത്.

അതേസമയം, സംഭവത്തില്‍ മാപ്പ് ചോദിച്ച് ഗൗരവ് മറ്റൊരു വീഡിയോയും പുറത്തിറക്കിയിരുന്നു. എല്ലാ സുരക്ഷാ മുന്‍കരുതലുകളും സ്വീകരിച്ചാണ് പ്രസ്തുത വീഡിയോ ചിത്രീകരിച്ചതെന്നായിരുന്നു യുവാവ് വിശദീകരണം നല്‍കുന്നുണ്ട്.

Exit mobile version