കേരളത്തിന് തിരിച്ചടിയോ? മാതൃകയോ? ബ്രിട്ടണിലേക്ക് ചക്ക കയറ്റി അയച്ച് ത്രിപുര; ആഴ്ചയിൽ അഞ്ച് ടൺ ചക്കയോളം കച്ചവടം

jack-fruit

അഗർത്തല: ബ്രിട്ടണിലെ വീഗൻ മാർക്കറ്റുകൾ ഭരിക്കാൻ ഇനി ത്രിപുരയിലെ ചക്കയും. പശ്ചിമേഷ്യയിലേക്കുള്ള കൈതച്ചക്ക, നാരങ്ങ കയറ്റുമതിക്ക് പിന്നാലെ ത്രിപുര പുതിയ വ്യാപാര തന്ത്രവുമായി എത്തിയിരിക്കുകയാണ്. ബ്രിട്ടനിലേക്ക് ചക്ക കയറ്റി അയക്കുമെന്ന് ത്രിപുര ഹോർട്ടികൾച്ചർ വകുപ്പ് ഡയറക്ടർ ഫാനി ഭൂസൻ ജമാതിയ അറിയിച്ചു.

ഗുവാഹാത്തി ആസ്ഥാനമായുള്ള ഒരു കയറ്റുമതി കമ്പനിക്ക് വിദേശ വ്യാപാരത്തിനുള്ള കരാർ ലഭിച്ചിട്ടുണ്ട്. ചക്ക ഒരെണ്ണത്തിന് 30 രൂപയായി വില നിശ്ചയിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്. ആദ്യത്തെ ലോഡ് ഗുവാഹത്തിയിലേക്ക് അയച്ചുവെന്നും ഇത് പിന്നീട് ഡൽഹി വഴി ബ്രിട്ടണിലേക്ക് കയറ്റുമതി ചെയ്യുമെന്നും ജമാതിയ കൂട്ടിച്ചേർത്തു.

കയറ്റുമതി തുടങ്ങുന്നതിന്റെ ആദ്യഘട്ടത്തിൽ പരീക്ഷണാർഥം 350 ചക്കകളുടെ ലോഡ് വ്യാഴാഴ്ച അഗർത്തലയിൽ നിന്ന് അയച്ചിരിക്കുകയാണെന്ന് ജമാതിയ പറഞ്ഞു. ത്രിപുര ആദ്യമായാണ് ചക്ക കയറ്റുമതി ചെയ്യുന്നതെന്നും ഇതിന് വലിയ സാധ്യതകളുണ്ടെന്നും സംസ്ഥാന കൃഷി മന്ത്രി പ്രണജിത് സിൻഹ റോയ് പറഞ്ഞു.

‘ആദ്യ ലോഡ് ഇതിനകം അയച്ചു. കൈതച്ചക്കക്ക് ശേഷം ഇപ്പോൾ ചക്കയും കയറ്റുമതി പട്ടികയിൽ ഇടംപിടിച്ചു. കർഷകർ, കൃഷി, ഹോർട്ടികൾച്ചർ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർക്ക് അഭിനന്ദനങ്ങൾ.’-പ്രണജിത് സിൻഹ റോയ് ട്വീറ്റ് ചെയ്തു.

ട്രയൽ റൺ വിജയകരമാണെങ്കിൽ, ഗുവാഹത്തി ആസ്ഥാനമായുള്ള കയറ്റുമതി കമ്പനി ആഴ്ചയിൽ അഞ്ച് ടൺ ചക്ക ത്രിപുരയിൽ നിന്ന് വാങ്ങുമെന്ന് പ്രതീക്ഷിക്കുന്നുവെന്നാണ് ജമാതിയ പറയുന്നത്.

Exit mobile version