കോൺഗ്രസ് എംഎൽഎയുടെ വസതിയിൽ യുവതി തൂങ്ങി മരിച്ചനിലയിൽ;നഷ്ടപ്പെട്ടത് അടുത്ത സുഹൃത്തിനെയെന്ന് സിങ്കാർ; ഇരുവരും വിവാഹിതരായിരുന്നെന്ന് ബന്ധുക്കൾ

ഭോപ്പാൽ: മധ്യപ്രദേശിലെ കോൺഗ്രസ് എംഎൽഎയുടെ വീട്ടിൽ ദുരൂഹസാഹചര്യത്തിൽ യുവതി മരിച്ചനിലയിൽ. മുൻ മന്ത്രികൂടിയായായ ഉമാങ് സിങ്കാറിന്റെ ബംഗ്ലാവിലാണ് ഇദ്ദേഹത്തിന്റെ സുഹൃത്തായ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഹരിയാന അംബാല സ്വദേശിയായ സോണിയ ഭരദ്വാജ് എന്ന 38കാരിയെയാണ് ഭോപ്പാൽ ഷാഹ്പുരയിലെ ബംഗ്ലാവിൽ മരിച്ചനിലയിൽ കണ്ടെത്തിയത്.

സംഭവം ആത്മഹത്യയാണെന്നും യുവതിയുടെ ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തിട്ടുണ്ടെന്നും പോലീസ് പറഞ്ഞു. ആത്മഹത്യാക്കുറിപ്പിൽ സിങ്കാറിന്റെ ജീവിതത്തിൽ ഒരിടം കണ്ടെത്താൻ താൻ ആഗ്രഹിച്ചിരുന്നതായും എന്നാൽ അത് സംഭവിച്ചില്ലെന്നുമാണ് യുവതി എഴുതിയിരിക്കുന്നത്. താൻ സ്വയം മരിക്കുകയാണെന്നും ആർക്കും ഇതിൽ പങ്കില്ലെന്നും കുറിപ്പിലുണ്ടായിരുന്നു.

അതേസമയം, ഇത് ഏറെ ഹൃദയം നുറുങ്ങുന്ന സംഭവമാണെന്നായിരുന്നു എംഎൽഎയുടെ പ്രതികരണം. ‘കഴിഞ്ഞ മൂന്ന് ദിവസമായി ഞാൻ മണ്ഡലത്തിൽ ഇല്ല. അവൾ എന്റെ നല്ല സുഹൃത്തായിരുന്നു. അവൾ മാനസികപ്രശ്‌നങ്ങൾക്ക് ചികിത്സ തേടിയിരുന്നതായി പോലീസാണ് പറഞ്ഞത്. ഇക്കാര്യം ഞാൻ നേരത്തെ അറിഞ്ഞിരുന്നെങ്കിൽ ഞാൻ തന്നെ അവൾക്ക് ചികിത്സ ഉറപ്പുവരുത്തുമായിരുന്നു’- എംഎൽഎ പ്രതികരിച്ചു.

അതേസമയം, എംഎൽഎയുമായുള്ള ബന്ധത്തെ കുറിച്ച് തങ്ങൾക്ക് അറിയാമായിരുന്നെന്നും ഒരു മാട്രിമോണിയൽ സൈറ്റിലൂടെ രണ്ട് വർഷം മുമ്പാണ് ഇരുവരും പരിചയപ്പെട്ടതെന്നും സോണിയയുടെ ബന്ധുക്കൾ ആരോപിച്ചു. യുവതിയെ ഉമങ് സിങ്കാർ വിവാഹം ചെയ്തിരുന്നെന്നും ബന്ധുക്കൾ പറയുന്നു. പോലീസും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ എവിടെ വെച്ചാണ് വിവാഹിതരായതെന്ന് ഇതുവരെ വ്യക്തമായിട്ടില്ല.

യുവതി കഴിഞ്ഞ ഒരു വർഷമായി സിങ്കാറിന്റെ വീട്ടിലെ സ്ഥിരം സന്ദർശകയാണ്. കഴിഞ്ഞ 30 ദിവസമായി യുവതി സിങ്കാറിന്റെ വീട്ടിൽ താമസിച്ചുവരികയായിരുന്നു. രണ്ട് ദിവസമായി സിങ്കാറും ഭോപ്പാലിൽ ഉണ്ടായിരുന്നില്ല.

ബംഗ്ലാവിലെ ജോലിക്കാരനും അദ്ദേഹത്തിന്റെ ഭാര്യയും സിങ്കാറിന്റെ ബന്ധുവുമാണ് യുവതിയെ തൂങ്ങിമരിച്ച നിലയിൽ ആദ്യം കണ്ടത്. തുടർന്ന് എംഎൽഎയുടെ ഒരു ബന്ധു ബംഗ്ലാവിലെത്തി മുറി തുറന്ന് പരിശോധിച്ചപ്പോഴാണ് യുവതിയെ മരിച്ചനിലയിൽ കണ്ടെത്തിയതെന്ന് അഡീഷണൽ എസ്പി രാജേഷ് സിങ് ബദോറിയ മാധ്യമങ്ങളോട് പറഞ്ഞു.

മധ്യപ്രദേശിലെ ഗന്ധ്വാനി മണ്ഡലത്തിൽനിന്നുള്ള കോൺഗ്രസ് എംഎൽഎയാണ് ഉമാങ് സിങ്കാർ. എഐസിസി ദേശീയ സെക്രട്ടറിയുമാണ്. 2019-20 കാലയളവിൽ സംസ്ഥാന വനംവകുപ്പ് മന്ത്രിയുമായിരുന്നു.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. Toll free helpline number: 1056)

Exit mobile version