പഞ്ചാബില്‍ വര്‍ഗീയ വിദ്വേഷം ജനിപ്പിക്കാനുള്ള ശ്രമം: യോഗിയ്ക്ക് വായയടപ്പിക്കുന്ന മറുപടി നല്‍കി അമരീന്ദര്‍ സിംഗ്

അമൃത്സര്‍: പഞ്ചാബില്‍ പുതിയ ജില്ല രൂപീകരിച്ചതിനെ വിമര്‍ശിച്ച ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് മറുപടിയുമായി പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ്.

പഞ്ചാബില്‍ പുതിയ ജില്ല രൂപീകരിച്ചത് കോണ്‍ഗ്രസിന്റെ വിഭജന നയത്തെയാണ്
തുറന്നുകാട്ടുന്നതെന്നായിരുന്നു ആദിത്യനാഥിന്റെ വാദം. ഇതിന് പിന്നാലെയാണ് അമരീന്ദര്‍ സിംഗിന്റെ മറുപടി.

ബിജെപിയുടെ വിഭജന നയങ്ങളുടെ ഭാഗമായി സമാധാനപരമായ ഭരണകൂടത്തില്‍ വര്‍ഗീയ വിദ്വേഷം ജനിപ്പിക്കാനുള്ള ശ്രമമാണ് യോഗിയുടേതെന്ന് അമരീന്ദര്‍ പറഞ്ഞു.

വിശ്വാസത്തിന്റേയും മതത്തിന്റേയും അടിസ്ഥാനത്തില്‍ ഭിന്നത ഉണ്ടാക്കുന്നത് ഇന്ത്യന്‍ ഭരണഘടനയുടെ അന്തഃസത്തയ്ക്ക് നിരക്കാത്തതാണ്. ഇപ്പോള്‍ മാലേര്‍കോട്ല ജില്ല രൂപീകരിക്കുന്നത് കോണ്‍ഗ്രസിന്റെ വിഭജിപ്പിക്കുക എന്ന നയത്തിന്റെ പ്രതിഫലനമാണെന്നാണ് ആദിത്യനാഥ് ട്വീറ്റ് ചെയ്തത്.

വെള്ളിയാഴ്ച ഈദുല്‍ ഫിത്തര്‍ ദിനത്തിലാണ് മാലേര്‍കോട്ലയെ സംസ്ഥാനത്തെ 23-ാമത്തെ ജില്ലയായി അമരീന്ദര്‍ സിംഗ് പ്രഖ്യാപിച്ചത്. സംഗ്രുര്‍ ജില്ലയുടെ ഭാഗമായിരുന്നു മാലേര്‍കോട്ല.

Exit mobile version