ഇന്ത്യയിലെ കോവിഡ് വകഭേദം കൂടുതൽ വ്യാപനശേഷിയുള്ളത്; വൈറസിനെ ചെറുക്കാൻ വാക്‌സിനുകൾ സാധിക്കുമോ എന്ന് അവ്യക്തം: ലോകാരോഗ്യ സംഘടന

covid

ന്യൂഡൽഹി: ഇന്ത്യയിൽ നിലവിൽ വ്യാപിച്ചുകൊണ്ടിരിക്കുന്ന കൊറോണ വൈറസിന്റെ വകഭേദം കൂടുതൽ മാരകവും വ്യാപനശേഷിയുള്ളതുമാണെന്ന് ലോകാരോഗ്യ സംഘടന. ഈ വൈറസിനെ ചെറുക്കുന്നതിൽ വാക്‌സിനുകൾക്കുള്ള ശേഷി സംബന്ധിച്ച് അവ്യക്തത നിലനിൽക്കുന്നതായും സംഘടന പറയുന്നു.

ഇന്ത്യയിൽ കണ്ടെത്തിയ വകഭേദമായ ബി.1.617 വൈറസിന്റെ ബി.1.617.1, ബി ആ.1.617.2 എന്നീ പുതിയ വകഭേദങ്ങൾ കൂടി തിരിച്ചറിഞ്ഞിട്ടുണ്ട്. ഇത് കൂടുതൽ ആശങ്കയുണ്ടാക്കുന്ന കാര്യമാണ്. പ്രാഥമിക വിലയിരുത്തൽ അനുസരിച്ച് ഈ വകഭേദങ്ങൾ വ്യക്തമായും ഉയർന്ന വ്യാപനശേഷിയുള്ളതാണെന്നും സംഘടന പറയുന്നു.

ഇന്ത്യൻ വകഭേദത്തിനെതിരെ വാക്‌സിനുകളും മരുന്നുകളുമെല്ലാം എങ്ങനെ പ്രവർത്തിക്കും എന്നത് സംബന്ധിച്ചും വീണ്ടും വരാനുള്ള സാധ്യത സംബന്ധിച്ചും അവ്യക്തത നിലനിൽക്കുകയാണെന്നും ഡബ്ല്യൂഎച്ച്ഒ വ്യക്തമാക്കി. ഫൈസർ, മൊഡേണ വാക്‌സിനുകൾക്ക് ഇന്ത്യൻ വകഭേദത്തിനെതിരേ കുറഞ്ഞ പ്രതിരോധശേഷി മാത്രമേ ഉള്ളൂ എന്ന് ചില പഠനങ്ങൾ കാണിക്കുന്നതായും സംഘടന പറയുന്നു.

ഇന്ത്യയിൽ ഒക്ടോബറിലാണ് ബി.1.617 വകഭേദത്തെ തിരിച്ചറിഞ്ഞത്. ഇതിന് ഉയർന്ന വ്യാപനതോതാണ് കണ്ടെത്തിയിരിക്കുന്നത്. ആന്റിബോഡികളോട് കുറഞ്ഞ സംവേദകത്വം മാത്രമാണ് പ്രകടപ്പിക്കുന്നത്. ഈ വകഭേദത്തെ നിലവിൽ 44 രാജ്യങ്ങളിൽ കണ്ടെത്തിയിട്ടുണ്ടെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കി. ഇന്ത്യയിൽ 0.1 ശതമാനം കോവിഡ് പോസിറ്റീവ് സാമ്പിളുകൾ മാത്രമാണ് ജീനോം സീക്വൻസിങ്ങിന് വിധേയമാക്കുന്നതെന്നും ഡബ്ല്യൂഎച്ച്ഒ പറയുന്നു.

യുകെയിലും ഇന്ത്യയിലും തിരിച്ചറിഞ്ഞ വകഭേദങ്ങളുടെ വ്യാപനം വരും ആഴ്ചകളിൽ ദുർബലമാകുമെന്നാണ് കണക്കൂകൂട്ടുന്നതെന്ന് ഡബ്ല്യൂഎച്ച്ഒ വ്യക്തമാക്കി. അതേസമയം, ഫൈസർ, മൊഡേണ, ജോൺസൺ ആൻഡ് ജോൺസൺ വാക്‌സിനുകൾ ഇന്ത്യൻ വകഭേദത്തിനെതിരെ ഫലപ്രദമാണെന്ന് ചില അമേരിക്കൻ പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നുമുണ്ട്.

Exit mobile version