കോവിഡ് സ്ഥിരീകരിച്ച് മണിക്കൂറുകൾ മാത്രം; യുവഡോക്ടർ മരണത്തിന് കീഴടങ്ങി; ഞെട്ടൽ

ന്യൂഡൽഹി: കോവിഡ് വകഭേദം കൂടുതൽ അപകടകാരിയാവുന്നെന്ന് സൂചന. കോവിഡ് രണ്ടാം തരംഗത്തിൽ മരണപ്പെടുന്നവരിൽ ആരോഗ്യമുള്ള യുവാക്കളും ഉൾപ്പെടുന്നത് ആശങ്കയ്ക്കിടയാക്കുന്നു. കോവിഡ് രോഗം സ്ഥിരീകരിച്ച് മണിക്കൂറുകൾക്കുള്ളിൽ യുവഡോക്ടർ മരിച്ച സംഭവവും സഹപ്രവർത്തകർക്കും സാധാരണക്കാർക്കും ഞെട്ടലുണ്ടാക്കുന്നതാണ്. ജിടിബി ആശുപത്രിയിൽ ജൂനിയർ റസിഡന്റ് ഡോക്ടറായ അനസ് മുജാഹിദ് ആണ് കോവിഡിന് കീഴടങ്ങിയത്. 26 വയസായിരുന്നു.

ഡോ. അനസ് ശനിയാഴ്ച ഉച്ച വരെ ആശുപത്രിയിൽ ഡ്യൂട്ടിയിലുണ്ടായിരുന്നതാണ്. പിന്നീട് രാത്രി എട്ടുമണിയോടെയാണ് രോഗബാധ സ്ഥിരീകരിച്ചത്. അധികം വൈകാതെ ഡോക്ടർക്ക് തലച്ചോറിൽ രക്തസ്രാവം സംഭവിക്കുകയും മരണപ്പെടുകയുമായിരുന്നു. മറ്റ് രോഗങ്ങളൊന്നും അദ്ദേഹത്തിനില്ലായിരുന്നുവെന്ന് ഡോക്ടർമാരും പറഞ്ഞു.

ഡൽഹി യൂണിവേഴ്‌സിറ്റി കോളജ് ഓഫ് മെഡിക്കൽ സയൻസസിൽ നിന്ന് എംബിബിഎസ് ബിരുദം നേടിയ അനസ് ചുറുചുറുക്കാർന്ന ഒരു മിടുക്കനായ ഡോക്ടറായിരുന്നെന്ന് സഹപ്രവർത്തകർ ഓർത്തെടുക്കുന്നു. മൂന്ന് മാസമായി ഗൈനക്കോളജി വിഭാഗത്തിൽ ജോലി ചെയ്ത് വരികയായിരുന്നു. മരണം സംഭവിക്കുന്നതിന് തൊട്ടുമുമ്പ് പോലും നിരവധി കോവിഡ് രോഗികളെ ശുശ്രൂഷിക്കുകയും ചെയ്തിരുന്നു. അനസിനെ രക്തസാക്ഷി എന്നാണ് യുസിഎംഎസിലെ ഫിസിയോളജി വിഭാഗത്തിലെ പ്രഫസറായ ഡോ. സത്യേന്ദ്ര സിങ് വിശേഷിപ്പിച്ചത്.

കോവിഡ് ഡ്യൂട്ടിയുള്ളതിനാൽ ഡൽഹിയിൽ തന്നെയുള്ള കുടുംബത്തോടൊപ്പം താമസിക്കാതെ ആശുപത്രി അധികൃതർ ഒരുക്കിയ ലീല പാലസ് ഹോട്ടലിലെ റൂമിലായിരുന്നു അനസിന്റെ താമസം. വേദനയും ക്ഷീണവും അനുഭവപ്പെട്ടതിനാൽ രാത്രി എട്ടുമണിയോടെയാണ് അനസ് കോവിഡ് പരിശോധന നടത്തിയത്. ആന്റിജൻ പരിശോധനയിൽ കോവിഡ് സ്ഥിരീകരിക്കുകയും ചെയ്തു. കടുത്ത തലവേദനയാണെന്ന് അനസ് പറഞ്ഞതോടെ ഡോക്ടർ കുറിപ്പടി എഴുതുന്നതിനിടെയാണ് അനസ് കുഴഞ്ഞു വീണത്. ഡോക്ടർ മാസ്‌ക് നീക്കിയപ്പോൾ മുഖത്തിന്റെ ഒരു വശം തളർന്നു പോയിരുന്നുവെന്ന് അനസിന്റെ സുഹൃത്തും സഹപാഠിയുമായ ഡോ. ഷാസ് ബേഗ് പറഞ്ഞു.

സിടി സ്‌കാനിൽതലച്ചോറിൽ രക്തം കട്ടപിടിച്ചതായി കണ്ടെത്തി. പുലർച്ചെ 2.30 ഓടെ വെന്റിലേറ്റർ ഘടിപ്പിച്ചെങ്കിലും ഡോക്ടർ മരണത്തിന് കീഴടങ്ങുകയായിരുന്നു. ഞായറാഴ്ച ഉച്ചക്ക് ശേഷം മൃതദേഹം ശാസ്ത്രി പാർക്കിൽ സംസ്‌കരിച്ചു. അനസിന് നാല് സഹോദരങ്ങളുണ്ട്. എഞ്ചിനീയറാണ് പിതാവ്.

Exit mobile version