കര്‍ഷകസമരത്തിനെത്തിയ യുവതി കോവിഡ് ബാധിച്ച് മരിച്ചു : സമരത്തെ പിന്തുണയ്ക്കാനെത്തിയ രണ്ട് പേര്‍ ബലാത്സംഗം ചെയ്തതായി പരാതി

Rape | Bignewslive

ചണ്ഡീഗഢ് : തിക്രിയിലെ കര്‍ഷക സമരത്തില്‍ പങ്കെടുക്കാന്‍ എത്തിയ യുവതി കോവിഡ് ബാധിച്ച് മരിച്ചു.ബംഗാള്‍ സ്വദേശിനിയായ യുവതിയെ ഒപ്പമുണ്ടായിരുന്നവര്‍ ബലാത്സംഗം ചെയ്തതായി പിതാവ് പരാതിപ്പെട്ടു.സംഭവത്തില്‍ പൊലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.

കര്‍ഷക സമരത്തെ പിന്തുണയ്ക്കാനെത്തിയ രണ്ട് പേരാണ് യുവതിയെ ബലാത്സംഗം ചെയ്തതെന്നും ഇക്കാര്യം മകള്‍ ഫോണിലൂടെ അറിയിച്ചിരുന്നുവെന്നും പരാതിയില്‍ പറയുന്നു.കിസാന്‍ സോഷ്യല്‍ ആര്‍മി എന്ന് വിളിക്കുന്ന സംഘത്തില്‍പ്പെട്ടവരാണ് യുവതിയെ ആക്രമിച്ചതെന്ന ആരോപണത്തിന് പിന്നാലെ ഇവര്‍ക്കെതിരെ നടപടി സ്വീകരിച്ചതായി സംയുക്ത കിസാന്‍ മോര്‍ച്ച അറിയിച്ചു.ഈ സംഘത്തില്‍പ്പെട്ട ചിലരോടൊപ്പമാണ് യുവതി ബംഗാളില്‍ നിന്ന് സമരത്തിനെത്തിയത്.

ഇവരില്‍ ചിലര്‍ യാത്രാമധ്യേ യുവതിയെ ഉപദ്രവിച്ചെന്നാണ് പരാതി. ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ടതോടെ നാല് ദിവസം മുമ്പ് കിസാന്‍ സോഷ്യല്‍ ആര്‍മി തിക്രിയില്‍ സ്ഥാപിച്ച ടെന്റുകളും ബാനറുകളും എടുത്ത് മാറ്റിയിട്ടുണ്ടെന്നും കിസാന്‍ സംയുക്ത മോര്‍ച്ച പ്രസ്താവനയില്‍ പറഞ്ഞു.
അതേസമയം കോവിഡ് രോഗിയെന്ന നിലയിലാണ് ആശുപത്രി അധികൃതര്‍ യുവതിയെ ചികിത്സിച്ചതെന്ന് പൊലീസ് പറഞ്ഞു. അശുപത്രി അധികൃതരോട് വിശദമായ മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.

Exit mobile version