ആശുപത്രിയിലേക്ക് പുറപ്പെട്ട ഓക്‌സിജൻ ടാങ്കറിന് വഴിതെറ്റി; പോലീസ് കണ്ടെത്തി തിരിച്ച് എത്തിച്ചപ്പോഴേക്കും ഏഴ് കോവിഡ് രോഗികൾക്ക് ദാരുണമരണം

oxygen-cylinder

ഹൈദരാബാദ്: ഓക്‌സിജൻ കൃത്യസമയത്ത് ലഭ്യമാവാതെ വന്നതിനെ തുടർന്ന് കോവിഡ് ബാധിച്ച് ഗുരുതരാവസ്ഥയിലായിരുന്ന ഏഴ് രോഗികൾക്ക് ദാരുണമരണം. ഹൈദരാബാദിലെ ആശുപത്രിയിലാണ് രോഗികൾ ഓക്‌സിജൻ കിട്ടാതെ മരണമടഞ്ഞത്. സർക്കാർ ഉടമസ്ഥതയിലുള്ള കിങ് കോട്ടി ആശുപത്രിയിലാണ് ദാരുണ സംഭവം നടന്നത്.

ആശുപത്രിയിലേക്കുള്ള വഴിമധ്യേ ഓക്‌സിജനുമായി വന്ന ടാങ്കറിന് വഴിതെറ്റിയതാണ് അപകടത്തിന് കാരണം. അത്യാഹിത വിഭാഗത്തിൽ ചികിത്സയിലുണ്ടായിരുന്നവരാണ് മരിച്ചവർ. ഞായറാഴ്ച രോഗികൾക്ക് നൽകുന്ന ഓക്‌സിജന്റെ സമ്മർദ്ദം കുറഞ്ഞതായി ശ്രദ്ധയിൽപ്പെട്ടതോടെ ആശുപത്രി അധികൃതർ ഓക്‌സിജൻ നിറക്കാൻ ആവശ്യപ്പെട്ടിരുന്നു.

എന്നാൽ ഓക്‌സിജനുമായി ആശുപത്രിയിലേക്ക് വന്ന ടാങ്കറിന് വഴിതെറ്റി. ഹൈദരാബാദിലെ നാരായൻഗുഡ പോലീസ് ഉടൻ ഓക്‌സിജൻ ടാങ്കർ കണ്ടെത്തി ആശുപത്രിയിലേക്ക് തിരിച്ചെങ്കിലും ഏഴുപേർ മരിക്കുകയായിരുന്നു.

Exit mobile version