മുഖക്കുരു ചികിത്സിക്കണം: ലോക്ക്ഡൗണില്‍ ഇ പാസ് ലഭിക്കാനുള്ള യുവാവിന്റെ അപേക്ഷ വൈറല്‍

ബീഹാര്‍: കോവിഡ് രണ്ടാം തരംഗത്തെ നേരിടാന്‍ സംസ്ഥാനങ്ങള്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ ആവശ്യക്കാര്‍ക്ക് പുറത്തിറങ്ങാന്‍ ഇ-പാസും നിര്‍ബന്ധമാക്കിയിട്ടുണ്ട്.

അതേസമയം, പോലീസിന്റെ ഇ പാസ് ലഭിക്കാന്‍ വിവിധ കാരണങ്ങളാണ് ഒരോരുത്തര്‍ ചൂണ്ടിക്കാണിക്കുന്നത്. അത്തരത്തിലൊരു അപേക്ഷയാണ് ഇപ്പോള്‍ സോഷ്യല്‍ ലോകത്ത് വൈറലായിരിക്കുന്നത്.

മുഖക്കുരു ചികിത്സിക്കാന്‍ പുറത്തുപോകണമെന്ന് ആവശ്യപ്പെട്ട യുവാവിന്റെ അപേക്ഷയാണ് സൈബറിടത്തില്‍ വൈറലാകുന്നത്. അപേക്ഷയുടെ പകര്‍പ്പ് പങ്കുവെച്ച് ബിഹാറിലെ പര്‍ണിയ ജില്ലാ മജിസ്ട്രേറ്റ് രാഹുല്‍ കുമാറാണ് ട്വീറ്റ് ചെയ്തത്. ഈ ട്വീറ്റ് വൈറലാവുകയായിരുന്നു.

ലോക്ക്ഡൗണില്‍ ഇ-പാസിനായി നിരവധി അപേക്ഷകള്‍ ലഭിച്ചിട്ടുണ്ട്. കൂടുതലും അവശ്യ കാരണങ്ങള്‍ക്കായിരുന്നെങ്കില്‍ ഇങ്ങനെയും ചില ആവശ്യങ്ങള്‍ ചൂണ്ടിക്കാട്ടിയും അപേക്ഷകള്‍ കിട്ടിയെന്ന് അദ്ദേഹം കുറിച്ചു.

ആശുപത്രിയിലേക്ക് പോകുന്നതിന്റെ കാരണമായാണ് യുവാവ് മുഖക്കുരു ചൂണ്ടിക്കാട്ടിയത്. നിങ്ങളുടെ മുഖക്കുരു ചികിത്സയ്ക്ക് അല്‍പ്പം കാത്തിരിക്കാന്‍ യുവാവിന് മറുപടി നല്‍കിയതായും രാഹുല്‍ വ്യക്തമാക്കി. സംഭവം വൈറലായതോടെ പ്രതികരണവുമായി നിരവധി പേര്‍ രംഗത്തെത്തി.

Exit mobile version