മുസ്ലിങ്ങൾ എന്റെ സഹോദരങ്ങൾ; ഇന്ത്യയിൽ ഞങ്ങൾ ഒന്നിച്ചുജീവിക്കും; വർഗീയത പരത്തുന്ന തേജസ്വി സൂര്യയെ യെദ്യൂരപ്പ അറസ്റ്റ് ചെയ്യണമെന്നും ഡികെ ശിവകുമാർ

dk-shivakumar_

ബംഗളൂരു: കോവിഡ് രോഗികളുടെ കിടക്കകൾ ബുക്ക്‌ചെയ്യുന്നത് സംബന്ധിച്ച ക്രമക്കേടിൽ കോവിഡ് വാർ റൂമിലെ മുസ്ലിം പേരുകൾ മാത്രം എടുത്തുപറഞ്ഞ യുവമോർച്ച നേതാവ് തേജസ്വി സൂര്യയ്ക്ക് എതിരെ കർണാടക പിസിസി അധ്യക്ഷൻ ഡികെ ശിവകുമാർ. കോവിഡ് വാർ റൂമിലെ 205 ജീവനക്കാരുടെ പേരുകളിൽനിന്ന് 17 മുസ്ലിം പേരുകൾ മാത്രം തിരഞ്ഞുപിടിച്ച് വെളിപ്പെടുത്തിയ തേജസ്വി സൂര്യ എംപി ക്രമക്കേടിന് വർഗീയ നിറം പകരാനാണ് ശ്രമിക്കുന്നതെന്നും ഇയാളെ അറസ്റ്റ് ചെയ്യണമെന്നും ശിവകുമാർ ആവശ്യപ്പെട്ടു.

‘മുസ്ലിങ്ങളെ എങ്ങനെയാണ് തേജസ്വി സൂര്യക്ക് ഇത്തരത്തിൽ അധിക്ഷേപിക്കാൻ സാധിക്കുന്നത്. അവർ എന്റെ സഹോദരങ്ങളാണ്. ഇന്ത്യയിൽ ഞങ്ങൾ ഒന്നിച്ചുജീവിക്കും. ഒന്നിച്ചുതന്നെ മരിക്കും. കശ്മീർ മുതൽ കന്യാകുമാരി വരെ കോടിക്കണക്കിന് മുസ്ലിങ്ങൾ ഈ രാജ്യത്തെ സേവിക്കുന്നുണ്ട്. വ്യത്യസ്ത വിശ്വാസങ്ങളും ആചാരങ്ങളുമുണ്ടാകും. എന്നാൽ ധർമ്മവും ദൈവത്തിലേക്കുള്ള മാർഗവും ഒന്നു തന്നെയാണ്. ഇങ്ങനെ അധിക്ഷേപിക്കുന്നവരെ അറസ്റ്റ് ചെയ്യാൻ മുഖ്യമന്ത്രി യെദ്യൂരപ്പ നിർദേശിക്കണം’-ശിവകുമാർ ആവശ്യപ്പെട്ടു.

ഇവിടെ മുസ്ലിം സഹോദരങ്ങൾ മാംസം മുറിച്ചില്ലെങ്കിൽ ഇവിടെയാരും മാംസാഹാരം കഴിക്കില്ല. അവർ മെക്കാനിക്കിന്റെ ജോലിചെയ്തില്ലെങ്കിൽ ഇവിടെ വാഹനമോടില്ല. ധൈര്യമുണ്ടെങ്കിൽ ബിജെപി ഇന്ത്യയിൽ നിന്ന് പുറത്താക്കി കാണിക്കട്ടേയെന്നും ഡികെ ശിവകുമാർ വെല്ലുവിളിച്ചു.

ബിജെപി പ്രവർത്തകരും സാമാജികരുമാണ് യഥാർഥത്തിൽ ആശുപത്രികളിലെ കോവിഡ് കിടക്കകൾ മുൻകൂട്ടി ബുക്ക് ചെയ്യുന്നതെന്നും ഡികെ ശിവകുമാർ ആരോപിച്ചു. തേജസ്വി സൂര്യയാണ് യഥാർത്ഥത്തിൽ കള്ളത്തരം കാണിച്ചതെന്നും ഇതുമറച്ചുവെയ്ക്കാനാണ് വർഗീയ പരാമർശങ്ങൾ നടത്തിയതെന്നും നേരത്തെ തന്നെ ആരോപണം ഉയർന്നിരുന്നു.

Exit mobile version