കൊവിഡ് വാര്‍ഡിലെ 17 മുസ്ലിം ജീവനക്കാരെ ജോലിയില്‍ നിന്നും പുറത്താക്കി ബിജെപി നേതാവ് തേജസ്വി സൂര്യ; ജിഹാദികള്‍ക്ക് ജോലി നല്‍കാന്‍ മദ്രസ കമ്മിറ്റിയല്ലെന്നും ആക്രോശം

MP Tejasvi Surya | Bignewslive

ബംഗളൂരു: കൊവിഡ് വാര്‍ഡിലെ 17 മുസ്ലിം ജീവനക്കാരെ ജോലിയില്‍ നിന്നും പുറത്താക്കി. ബംഗളൂരുവിലെ ബിജെപി യുവമോര്‍ച്ചാ പ്രസിഡന്റ് തേജസ്വി സൂര്യയുടെ നിര്‍ബന്ധപ്രകാരമാണ് ജോലിയില്‍ നിന്നും പുറത്താക്കിയത്. ബൃഹത് ബംഗളൂരു മഹാനഗര പാലികെ (ബി.ബി.എം.പി)യുടെ കൊവിഡ് വാര്‍ഡ് റൂമിലെ മുസ്ലിം ജീവനക്കാരെയാണ് വര്‍ഗീയത പറഞ്ഞ് പിരിച്ചു വിട്ടത്.

മുസ്ലിം ജീവനക്കാര്‍ക്ക് നേരെ തേജസ്വി നടത്തുന്ന വര്‍ഗീയ പരാമര്‍ശങ്ങളുടെ വീഡിയോ ഇതിനോടകം സോഷ്യല്‍മീഡിയയില്‍ നിറഞ്ഞു കഴിഞ്ഞു. എന്തടിസ്ഥാനത്തിലാണ് മുസ്ലിം ജീവനക്കാരെ ജോലിക്കെടുത്തതെന്ന് തേജസ്വി വീഡിയോയില്‍ ചോദിക്കുന്നുണ്ട്. ബിജെപി എംഎല്‍എമാരായ സതീഷ് റെഡ്ഡി, രവി സുബ്രഹ്മണ്യ, ഉദയ് ഗരുഡാചര്‍ എന്നിവര്‍ക്കൊപ്പമാണ് ബംഗളൂരു സൗത്ത് എംപികൂടിയായ തേജസ്വി സൂര്യ കൊവിഡ് വാര്‍ റൂമിലേക്ക് കയറിച്ചെന്നത്.

‘ഏത് ഏജന്‍സിയാണ് ഇവരെയൊക്കെ പണിക്കെടുത്തത്? ഇപ്പോള്‍ തന്നെ അവരെ വിളിക്കണം. എനിക്ക് അവരോട് ചോദിക്കണം’, എന്ന് തേജസ്വി സൂര്യ പറയുന്നു. ‘ജിഹാദികള്‍ക്ക്’ ജോലി നല്‍കാന്‍ ഇത് ഹജ്ജ് കമ്മിറ്റിയോ, മദ്രസാ കമ്മിറ്റിയോ അല്ലെന്നും ഇയാള്‍ ആക്രോശിക്കുന്നുണ്ട്. കൊവിഡ് വാര്‍ റൂമിലെ ‘ത്രീവ്രവാദികള്‍’ എന്നു പറഞ്ഞ് ജീവനക്കാരുടെ പേരുകള്‍ ബിജെപി പ്രവര്‍ത്തകര്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുന്നുണ്ട്. കൊവിഡ് വാറില്‍ മൊത്തം 205 പേരാണ് ജോലി ചെയ്യുന്നത്. ഇതില്‍ 17 പേരാണ് മുസ്ലിം വിഭാഗത്തില്‍ നിന്നുള്ളത്. ഇവരെയാണ് മൊത്തത്തില്‍ പിരിച്ചു വിടാന്‍ തീരുമാനം എടുത്തത്.

Exit mobile version