‘കൊവിഡ് പോരാളികളുടെ കുട്ടികള്‍’ കൊവിഡ് പോരാളികളുടെ മക്കള്‍ക്ക് കേന്ദ്ര ക്വാട്ടയില്‍ എംബിബിഎസിന് സീറ്റ് സംവരണം

ന്യൂഡല്‍ഹി: കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കിടെ ജീവന്‍ നഷ്ടമായവരുടെ മക്കള്‍ക്ക് കേന്ദ്ര ക്വാട്ടയില്‍ അഞ്ച് സീറ്റുകള്‍ സംവരണം ചെയ്തു. ‘കൊവിഡ് പോരാളികളുടെ കുട്ടികള്‍’ എന്ന പുതിയ കാറ്റഗറിയിലാണ് സീറ്റ് സംവരണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. 2021-22 അധ്യായന വര്‍ഷത്തേക്ക് സീറ്റ് സംവരണം ചെയ്തിരിക്കുന്നതെന്ന് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രി ഡോ. ഹര്‍ഷവര്‍ധന്‍ പ്രതികരിച്ചു.

കൊവിഡുമായി ബന്ധപ്പെട്ട ജോലിക്കിടെ കൊവിഡ് പിടിപെട്ടും അല്ലാതെയും മരിച്ചവരുടെ മക്കള്‍ സംവരണ പരിധിയില്‍ വരും. നീറ്റ് റാങ്ക് പ്രകാരമുള്ള ഓണ്‍ലൈന്‍ അപേക്ഷകള്‍ പരിഗണിച്ച് പ്രത്യേക മെഡിക്കല്‍ സമിതിയായിരിക്കും സംവരണം നിശ്ചയിക്കുകയെന്ന് അധികൃതര്‍ അറിയിക്കുന്നു. സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളും അപേക്ഷ സാക്ഷ്യപ്പെടുത്തുകയും വേണം.

സ്വകാര്യ ആശുപത്രി ജീവനക്കാര്‍, വിരമിച്ചവര്‍, സന്നദ്ധപ്രവര്‍ത്തകര്‍, തദ്ദേശ സ്ഥാപനങ്ങളിലുള്ളവര്‍, കരാര്‍ ജീവനക്കാര്‍, ദിവസവേതനക്കാര്‍, താല്‍ക്കാലിക ജീവനക്കാര്‍, സംസ്ഥാനങ്ങള്‍ പുറംകരാര്‍ ജോലിക്കെടുത്തവര്‍, സംസ്ഥാന-കേന്ദ്ര ആശുപത്രികള്‍, കേന്ദ്ര-സംസ്ഥാന-കേന്ദ്രഭരണ പ്രദേശങ്ങളിലെ സ്വയംഭരണ ആശുപത്രികള്‍, അഖിലേന്ത്യാ മെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് (എയിംസ്), ദേശീയ പ്രാധാന്യമുള്ള മറ്റു സ്ഥാപനങ്ങള്‍ (ഐ.എന്‍.ഐ), കേന്ദ്ര മന്ത്രാലയത്തിന് കീഴിലെ ആശുപത്രികളിലെ ജീവനക്കാര്‍ എന്നിവരും സംവരണ ക്വാട്ടയ്ക്ക് കീഴില്‍ വരും.

Exit mobile version