കോവിഡ് മുന്നണിപ്പോരാളികള്‍ക്ക് സ്‌നേഹാദരമൊരുക്കി ‘ഇള’ മ്യൂസിക്കല്‍ ഫീച്ചറെറ്റ്

തിരുവനന്തപുരം: കോവിഡ് മഹാമാരിയെ ഭയന്നിരിക്കുമ്പോള്‍, ഭയക്കാതെ കോവിഡിനെ തുരത്താനുള്ള പരിശ്രമത്തിലാണ് കോവിഡ് മുന്നണിപ്പോരാളികള്‍. രോഗബാധ ഉണ്ടാകുമെന്ന് ആശങ്കപ്പെടാതെ കോവിഡ് ബാധിതരെ ചികിത്സിക്കുകയും പരിചരിക്കുകയും ചെയ്യുന്ന ആ മുന്നണിപ്പോരാളികളെ ആദരിക്കുകയാണ് ‘ഇള’.

കവിയും ഗാനരചയിതാവുമായ ബികെ ഹരിനാരായണന്റെ നേതൃത്വത്തില്‍ സിനിമാമേഖലയില്‍ പ്രവര്‍ത്തിക്കുന്ന പ്രമുഖരായ ഒരു സംഘം കലാകാരന്‍മാര്‍ ചേര്‍ന്നൊരുക്കിയ ഗാനചിത്രമാണ് ഇള.

പത്ത് മിനിട്ട് ദൈര്‍ഘ്യമുള്ള ഈ ഗാനചിത്രത്തിലൂടെ ബികെ ഹരിനാരായണന്‍ ആദ്യമായി സംവിധായകനാകുന്നു എന്ന പ്രത്യേകത കൂടി ഈ മ്യൂസിക്കല്‍ ഫീച്ചററ്റിനുണ്ട്. മുഖ്യമന്ത്രി പിണറായി വിജയനും എസി മൊയ്ദീന്‍ എംഎല്‍എയും ചേര്‍ന്നാണ് ഇള യൂട്യൂബില്‍ റിലീസ് നിര്‍വഹിച്ചത്.

കോവിഡ് മുന്നണിപ്പോരാളികളെ പ്രതിനിധീകരിക്കുന്ന ഇള എന്ന യുവ ഡോക്ടറുടെ പ്രണയമുള്‍പ്പെടെയുള്ള ജീവിതത്തിലൂടെയാണ് ഗാനചിത്രം കടന്നു പോകുന്നത്. ‘ശലഭഹൃദയമേ തിരയുന്നോ നീ…’എന്നാരംഭിക്കുന്ന ഗാനത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത് ബികെ ഹരിനാരായണനാണ്.

അപര്‍ണ ബാലമുരളി ഇളയായെത്തുന്ന ഗാനചിത്രത്തില്‍ സംഗീതസംവിധായകന്‍ ബിജിബാലിനൊപ്പും കഥകളി കലാകാരന്‍ പീശപ്പള്ളി രാജീവനും ഹരിനാരായണനും അഭിനയിച്ചിരിക്കുന്നു. കൂടാതെ നിരവധി ആരോഗ്യപ്രവര്‍ത്തകരും ഗാനചിത്രത്തിന്റെ ഭാഗമായിട്ടുണ്ട്.

മിഥുന്‍ ജയരാജാണ് ഗാനചിത്രത്തിന്റെ സംഗീതസംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. സിതാര കൃഷ്ണകുമാറും മിഥുന്‍ ജയരാജും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.

കോവിഡ് മുന്നണിപ്പോരാളിയായ ഒരു ഡോക്ടറുടെ ജീവിതത്തിന്റെ തിരക്കുകളും തന്റെ രോഗികളെ കുറിച്ചുള്ള ഡോക്ടറുടെ ആശങ്കകളും കോവിഡിനെ കുറിച്ചുള്ള മുന്നറിയിപ്പും ചിത്രത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു

ഛായാഗ്രഹണം മനേഷ് മാധവന്‍, എഡിറ്റിങ് പ്രവീണ്‍ മംഗലത്ത്, ആര്‍ട്ട് ഇന്ദുലാല്‍ കാവീട് എന്നിവര്‍ നിര്‍വഹിക്കുന്നു. ലിജുപ്രഭാകര്‍, ധനുഷ് നായനാര്‍, ജയറാം രാമചന്ദ്രന്‍, അവണാവ് നാരായണന്‍ തുടങ്ങിയവരാണ് ഇളയുടെ അണിയറ ശില്പികള്‍. ഇളയുടെ ആദ്യ പോസ്റ്റര്‍ മമ്മൂട്ടിയാണ് പ്രകാശനം ചെയ്തത്.

Exit mobile version